‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’: നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ട് ആശങ്കകൾ അറിയിക്കുമെന്ന് ഖാർഗെ

ബംഗളൂരു: സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ്. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ചീഫ് ജസ്റ്റിസിലെ അറിയിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. ശനിയാഴ്ച ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ് നടപടികളിലും ആശങ്ക രേഖപ്പെടുത്തും.

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും താനും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നെന്നും തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കും അഞ്ചുമണിക്കുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നും ഖാർഗെ അറിയിച്ചു. കോൺഗ്രസ് ഒന്നും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടില്ലെന്നും തൊഴുകയ്യോടെ അഭ്യർത്ഥിക്കുമെന്നും ഖാർഗെ പറഞ്ഞു.ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാസ്ഥാപനമാണ്.

അവർ സ്വതന്ത്രരാണ്. അവർക്ക് സ്വതന്ത്രമായ തീരുമാനങ്ങൾ കൈക്കൊള്ളാനാകും. എന്നാൽ അവരെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവദിക്കുന്നില്ലെന്നും ആദ്ദേഹം ആരോപിച്ചു. ബിജെപി അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കാണ് രാജ്യം സാക്ഷിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനെതിരെ കോൺഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.