കേരളത്തിന്റെ മുഖ്യമന്ത്രിയായി വി. ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി. ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി. ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്ക് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻ സാന്നിധ്യത്തിനാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇവർക്ക് പുറമേ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വിവിധ സാമൂഹിക-മത നേതാക്കളും ചടങ്ങിൽ നേരിട്ടെത്തി പങ്കെടുത്തു.