തിരുവനന്തപുരം:സ്വപ്ന സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ആ കസേരയില്‍ തുടരാന്‍ അര്‍ഹതയും യോഗ്യതയുമില്ല. കസ്റ്റംസിന് സ്വപ്ന നല്കിയതും കോടതിയില്‍ 164 പ്രകാരം നല്കിയതും ഒരേ മൊഴികളാണ്. കസ്റ്റംസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണം നിലച്ചത്. സി.പി.എം- ബി.ജെ.പി അവിശുദ്ധബന്ധത്തിന്റെ ഭാഗമായാണ് അന്വേഷണം എങ്ങുമെത്താതെ പോയത്. സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചെ മതിയാകൂ. പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം കൊണ്ട് കാര്യമില്ല.
യു.ഡി.എഫ് ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കുറ്റസമ്മത മൊഴി ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈയ്യിലുള്ളപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ അന്വേഷണം അവസാനിപ്പിച്ച് ഏതാനും പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്ന ചോദ്യം പ്രതിപക്ഷം നിരവധി തവണ ഉന്നയിച്ചതാണ്.
കസ്റ്റംസ് കോടതിയില്‍ തന്നെ കുറ്റസമ്മതത്തതിന് സമാനമായ മൊഴി വന്നതിന് പിന്നാലെയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേന്ദ്രത്തിലെ സംഘപരിവാര്‍ നേതാക്കളും കേരളത്തിലെ സി.പി.എം നേതാക്കളും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് അന്വേഷണങ്ങളെല്ലാം അവസാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പല സീറ്റുകളിലും ബി.ജെ.പിയുടെ സഹായം സി.പി.എമ്മിന് കിട്ടാന്‍ കാരണമായതും ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ്. ഇടനിലക്കാരുടെ സന്നിധ്യത്തിലാണ് സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുമായി രാഷ്ട്രീയ ഒത്തുതീര്‍പ്പുണ്ടാക്കിയത്. യു.ഡി.എഫ് തുടക്കം മുതല്‍ക്കെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സോളാര്‍ കേസില്‍ കുറ്റാരോപിതയുടെ കൈയ്യില്‍ നിന്നും പരാതി എഴുതിവാങ്ങി മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്ത സര്‍ക്കാരാണിത്. അങ്ങനെയുള്ളവര്‍ക്ക് മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകുമോ? പിണറായിക്കും ഉമ്മന്‍ ചാണ്ടിക്കും വ്യത്യസ്ത നീതി നല്‍കുന്നത് ശരിയല്ല.