എകെ ആന്റണിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കോൺഗ്രസ് അധികാരത്തിൽ മടങ്ങിവരണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്ന മുതിർന്ന നേതാവ് എകെ ആന്റണിയുടെ പരാമർശത്തെ പൂർണമായും പിന്തുണയ്ക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
‘താൻ ഇത് മുൻപും നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്. കാവി മുണ്ട് ഉടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ല. ബിജെപിയിലേക്ക് ആളെക്കൂട്ടുന്ന പരിപാടിയല്ല ഞങ്ങൾ ചെയ്യുന്നത്’ അദ്ദേഹം പറഞ്ഞു.
എകെ ആന്റണിയുടെ പരാമർശത്തെ പിന്തുണച്ച് കെ മുരളീധരൻ എംപി നേരത്തേ രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ വിശ്വാസികൾക്കും അവിശ്വാസികൾക്കും സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും കെ മുരളീധരൻ പറഞ്ഞു. മൃദുഹിന്ദുത്വം എന്നൊന്നില്ല. സിപിഎം ആണ് ഇത്തരം ചർച്ചകൾ നടത്തുന്നതെന്നും മുരളീധരൻ പറഞ്ഞു