കര്‍ത്തയുടെ മകളെ ചോദ്യം ചെയ്തത് മണിക്കൂറുകളോളം; വീണയ്ക്ക് നാളെ നിര്‍ണായകം

തിരുവനന്തപുരം : സി.എം.ആര്.എല്‍. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്ക് നേരിട്ടെത്തുന്ന നിര്‍ണായക ഘട്ടത്തിലേക്ക്. സി.എം.ആര്.എല്‍. ഉടമ ശശിധരന് കര്‍ത്തയുടെ മകള്‍ ഷിബി എസ്. കര്‍ത്തയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് പിന്നാലെ, കേസിലെ മുഖ്യകണ്ണിയായ ടി. വീണ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ, രാഷ്ട്രീയ-നിയമ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത് കൊച്ചിയിലേക്കാണ്.അതേസമയം, മാധ്യമക്കണ്ണുകളില്‍ പെടാതെ അതീവ രഹസ്യമായി ഇ.ഡി. ഓഫീസിലേക്ക് ഹാജരാകാനുള്ള ബദല്‍ വഴികള്‍ തേടുകയാണ് വീണയുടെ മകള്‍.
ചോദ്യം ചെയ്യല്‍ വാര്‍ത്ത വലിയ രാഷ്ട്രീയ ആയുധമാകുന്നത് തടയാനും മാധ്യമശ്രദ്ധ തിരിച്ചുവിടാനുമുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കാതെ മകളെ വിട്ടയയ്ക്കുമെന്ന പ്രതീക്ഷയിലാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. നേതൃത്വവുമുള്ളത്.ശശിധരന് കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഷിബി. സി.എം.ആര്.എല്ലിന്റെ അസംസ്കൃത വസ്തുക്കളും ഉത്പന്നങ്ങളും കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ നല്‍കിയിരുന്നത് നിപുണയായിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂക്ഷിക്കുന്നതിലും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും കടുത്ത വീഴ്ചകളുണ്ടെന്ന അനുമാനത്തിലാണ് ഷിബിയെ ചോദ്യം ചെയ്തതെന്നാണ് വിവരം.
മെയ് 27-ന് കളമശ്ശേരിയിലെ നിപുണയുടെ ഓഫീസിലും മറ്റ് ഡയറക്ടര്‍മാരുടെ വീടുകളിലും ഇ.ഡി. നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഷിബി ഹാജരായത്. കര്‍ത്തയുടെ മകന് ശരണ്‍ എസ്. കര്‍ത്ത, മരുമകന് അനില്‍ ആനന്ദ പണിക്കര്‍ എന്നിവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കുംകര്ത്തയുടെ മകളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വീണയെ ഇ.ഡി. നേരിടുക.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മകള്‍ സുരക്ഷിതമായി മടങ്ങിയെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് പിണറായി വിജയന്.സാമ്പത്തിക ഇടപാടുകളിലെ നിഗൂഢതകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍, നാളത്തെ ചോദ്യം ചെയ്യല്‍ സി.പി.എമ്മിനും പിണറായി വിജയനും ഒരുപോലെ അഗ്നിപരീക്ഷയായി മാറും. നിയമനടപടികളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിക്കുമോ അതോ അന്വേഷണം കൂടുതല്‍ ശക്തമാകുമോ എന്ന് നാളത്തെ ഇ.ഡി. നീക്കങ്ങള്‍ വ്യക്തമാക്കും.