പീഡനക്കേസിൽ വിദേശത്തേക്ക് കടന്ന വിജയ് ബാബു 39 ദിവസങ്ങൾക്ക് ശേഷം തിരികെയെത്തി

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബൈയിലേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് വിജയ് ബാബു എത്തിയത്. പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന് 39 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി തിരികെയെത്തിയത്. വിജയ് ബാബു നാട്ടിലെത്തുമ്പോള്‍ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഇന്ന് 9.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസുമായി സഹകരിക്കുമെന്നും വിജയ് ബാബു എയര്‍പോര്‍ട്ടിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പൊലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്തു കൊണ്ട് വരും. എന്നോടൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാവര്‍ക്കും നന്ദി,’ വിജയ് ബാബു പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ യുവനടിയുടെ ബലാത്സംഗ പരാതി, ഈ പരാതിക്കാരുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് നിലവില്‍ വിജയ് ബാബുവിനെതിരെ ഉള്ളത്. കേസില്‍ വിജയ് ബാബുവിന് ഇന്നലെയാണ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ നടന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി അന്വേഷണ സംഘത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തുകയാണ് നിലവില്‍ പ്രധാനപ്പെട്ട കാര്യം. വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാന്‍ ആണോ എന്നായിരുന്നു കോടതി ചോദ്യം.കഴിഞ്ഞ ദിവസം വിജയ് ബാബു നാട്ടിലേക്ക് തിരിച്ചു വരാനൊരുങ്ങിയെങ്കിലും പിന്നീട് ടിക്കറ്റ് റദ്ദാക്കുകയായിരുന്നു.