പരിപാടിക്കിടെ ഇറങ്ങി പോയത് ശരിയല്ല, ഗവർണറെ അപമാനിച്ചു; ശിവന്‍കുട്ടിക്കെതിരെ വാര്‍ത്താക്കുറിപ്പിറക്കി രാജ്ഭവന്‍

ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ അതൃപ്തി പരസ്യമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കി രാജ്ഭവന്‍. ഭരണഘടനയെ തൊട്ട് അധികാരത്തിലെത്തിയ മന്ത്രി ഗവര്‍ണറെയും രാജ്ഭവനെയും അപമാനിച്ചു. ഇന്ന് നടന്ന പരിപാടിക്കിടെ ഇറങ്ങിപ്പോയത് ശരിയായ രീതിയല്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും രാജ്ഭവന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ന് നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയാണ് മന്ത്രി ബഹിഷ്‌ക്കരിച്ചത്. സാധാരണഗതിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ അത് ഗവര്‍ണറെ അറിയിക്കണം. എന്നാല്‍ അങ്ങിനെ ഒരു രീതി പോലും മന്ത്രി വി ശിവന്‍കുട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അവിടെയുണ്ടായിരുന്ന ആളുകളെയും ചടങ്ങിനെയും മന്ത്രി അപമാനിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പരിപാടിയുടെ മര്യാദയ്ക്കോ മാന്യതയ്ക്കോ ചേര്‍ന്ന പെരുമാറ്റമല്ല ഇന്ന് ഉണ്ടായതെന്നും രാജ്ഭവന്‍ ഇറക്കിയ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നത് മന്ത്രി പ്രസം?ഗത്തില്‍ പറഞ്ഞത്. മന്ത്രിയുടെയും ഗവര്‍ണറുടെയും കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മന്ത്രിയുടെ ഈ പ്രവര്‍ത്തി. ഇത് ഈ വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നു രാജ്ഭവന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.