കോഴിക്കോട്: കുടിവെള്ളം ചോദിച്ച് വീട്ടില്‍ എത്തിയ ശേഷം അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. കോഴിക്കോട് പുതുപ്പാടി കൊട്ടാരക്കോത്താണ് സംഭവം. വീടിന് സമീപം നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാള്‍ സോനാപൂര്‍ മാര്‍സ സ്വദേശി 22 കാരനായ അജ്മല്‍ ഹുസൈനെയാണ് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.
പിന്നീട് വൈദ്യപരിശോധനയ്ക്കായി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച അജ്മല്‍ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂടെയെത്തിയ പൊലീസുകാര്‍ പിടികൂടുകയായിരുന്നു. വീട്ടില്‍ കുടിവെള്ളം ചോദിച്ചെത്തിയ പ്രതിക്ക് യുവതി വെളളവുമായി എത്തിയപ്പോള്‍ പെട്ടെന്ന് ദേഹത്ത് കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
പെട്ടെന്നുളള ആക്രമണത്തില്‍ പകച്ചെങ്കിലും യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും പ്രതിയെ കൈയ്യോടെ പിടിക്കുകയും ചെയ്തു. പോലീസില്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് താമരശ്ശേരി എസ്.ഐ വി.എസ്. സനൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. താമരശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.