ലൈംഗിക പീഡനം: പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീഷ് വിദേശത്തേക്ക് കടന്നതായി സൂചന; മേക്കപ്പിനിടെയുളള പ്രതിയുടെ വിക്രിയകള്‍ പുറത്ത്

കൊച്ചി: ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീഷ് വിദേശത്തേക്ക് കടന്നതായി സൂചന. പോലീസും ഇക്കാര്യം സ്ഥിതികരിച്ചിട്ടുണ്ട്.വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്ഥാപനത്തിന്റെ ഉടമ, അനീസ് അന്‍സാരിയാണ് രാജ്യം വിട്ടത്.ലുലുമാളിലടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേക്കപ്പ് സാധനങ്ങള്‍ വില്‍ക്കുന്ന നിരവധി ഷോപ്പുകള്‍ ഇയാള്‍ക്കുണ്ട്. അനീസ് അന്‍സാരി എന്നാണ് ഷോപ്പിന്റെ പേരും.
വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് 3 യുവതികള്‍ ഇ-മെയില്‍ മുഖേന ഇന്നലെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ്, അനീസ് അന്‍സാരിക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് അനീസിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ മീടു ആരോപണം ഉയര്‍ന്നത്. 2019 ല്‍ ഒരു പെണ്‍കുട്ടി വിവാഹത്തിനായുള്ള മേക്കപ്പിന് അനീസിനെയാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന്റ ഭാഗമായി, ട്രയല്‍ മേക്കപ്പിനായി ഒരാഴ്ച മുന്‍പ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോയില്‍ മാതാവുമൊന്നിച്ച് എത്തി. അവിടെ വച്ച് ഇയാള്‍ അപമര്യാദയായി പെരുമാറി. ശരീരത്തില്‍ കടന്നു പിടിക്കുകയും മസ്സാജ് ചെയ്യുകയും ചെയ്തു. ഇതോടെ, മേക്ക്പ്പ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും, പുറത്ത് വന്ന് മാതാവിനോട് ഇക്കാര്യം പറഞ്ഞ് ബുക്കിങ് ക്യാന്‍സല്‍ ചെയ്യിപ്പിക്കുകയും ചെയ്തു എന്നാണ് ഇന്‍സ്റ്റാഗ്രാമിലെ ഒരു ആരോപണം
പരാതി നല്‍കിയ മൂന്ന് യുവതികളും ഇപ്പോള്‍ കേരളത്തിന് പുറത്താണ്. 2014 മുതല്‍ അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയ സ്ത്രീകളാണ് ഇന്‍സ്റ്റാഗ്രാമില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കു പുറമേ, ഇരയായ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും അനീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നതിനിടയില്‍ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കുക, അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സ്തനങ്ങള്‍ക്കു ചുറ്റും ഫൗണ്ടേഷന്‍ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് തഴുകുക, പിന്നീട് മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങളയക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.മറ്റൊരാരോപണം, വിവാഹ നിശ്ചയത്തിന്റെ ആവശ്യത്തിനായി മേക്കപ്പ് ചെയ്യാനായി തനിയെ പോയ മറ്റൊരു പെണ്‍കുട്ടിയുടെ ഷര്‍ട്ട് ഇയാള്‍ ഊരിയെടുത്തു. ഞെട്ടിപ്പോയ പെണ്‍കുട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. തൊട്ടടുത്ത വിവാഹ നിശ്ചയത്തിന് എന്തെങ്കിലും പ്രശ്‌നം വരുമോ എന്ന് ഭയന്ന് മറ്റാരോടും ഇത് പറയാതെ മനസ്സില്‍ അടക്കി വച്ചിരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെ തുടര്‍ന്ന്, സ്റ്റുഡിയോ ഉടമ മുങ്ങിയതായാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *