തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കോണ്‍ഗ്രസായിരുന്നവര്‍ നാളെയും കോണ്‍ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും ഇത്രയും നാണം കെട്ട പാര്‍ട്ടി വെറെയുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്നത്. എത്രയോ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നു. ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് കൊടുത്താൽ, കോൺഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാർട്ടി ഉണ്ടോ
കോൺഗ്രസിനെ ജയിപ്പിച്ചാൽ കോൺഗ്രസായി നിൽക്കുമോ?. ബിജെപിയായി മാറില്ലേ വേണമെങ്കിൽ ബിജെപിയാകും എന്ന് പറഞ്ഞത് കെ.സുധാകരനാണ്. ഇപ്പോൾ എന്തായി?. രണ്ട് പ്രധാന നേതാക്കളുടെ മക്കൾ ബിജെപിയിൽ പോയി. ഇനി എത്ര പേര് പോകാൻ ഉണ്ടെന്നും പിണറായി വിജയൻ പരിഹസിച്ചു. എത്രപേർ വിലപേശൽ നടത്തുന്നുണ്ടാകും? ഇന്ന് കോൺഗ്രസ് ആയവർ നാളെ കോൺഗ്രസ് ആയിരിക്കും എന്ന് എങ്ങനെ വിശ്വസിക്കും? ജനാധിപത്യം സംരക്ഷിക്കുന്നതിന് പാർലമെന്റിൽ എൽഡിഎഫ് വേണമെന്നും പിണറായി വിജയൻ പറഞ്ഞു.
വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണം എങ്കിൽ വന്യജീവി നിയമങ്ങളിൽ മാറ്റം വേണം. ഇന്ദിര ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങൾ ഉണ്ടാക്കിയത്. ജയറാം രമേശ് അത് കൂടുതൽ ശക്തമാക്കി. ഈ നിയമങ്ങൾ ഭേദഗതി ചെയ്യണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ഇന്നത്തെ അവസ്ഥക്ക് കാരണം കോൺഗ്രസും ബിജെപിയും കോൺഗ്രസ് കൊണ്ടുവന്ന നിയമം ബിജെപി സംരക്ഷിക്കുന്നു. ഇവിടെ മനുഷ്യന് വിലയില്ലാത്ത അവസ്ഥയാണ്. മനുഷ്യന് പ്രാധാന്യം നൽകിയുള്ള ഭേദഗതി വേണം. 18പേരിൽ ആരെങ്കിലും ഭേദഗതിക്കായി പാർലമെന്റിൽ വാദിച്ചോ? വയനാട് എംപി രാഹുൽ ഗാന്ധി ഒരു തവണ എങ്കിലും ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചോ? സംസ്ഥാന സർക്കാർ പരിധിക്കുള്ളിൽ നിന്ന് എല്ലാം ചെയ്യുന്നുണ്ട്. പക്ഷേ നിയമഭേദതിയാണ് ആവശ്യം. ഏതെങ്കിലും ഘട്ടത്തിൽ ഇസ്രായേലിനെ പിന്തുണച്ച ചരിത്രം ഉള്ള ആൾ അല്ല പന്ന്യൻ രവീന്ദ്രനെന്നും പിണറായി വിജയൻ ഫറഞ്ഞു.