പോത്തന്‍കോട് സുധീഷ് വധക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം

തിരുവനന്തപുരം പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് കോടതിയാണ് വിധി പറഞ്ഞത്. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. സാക്ഷികളെ സ്വാധീനിച്ചാൽ കേസിൽ രക്ഷപ്പെടാൻ സാധിക്കില്ലെന്നാണ് ഈ വിധി വ്യക്തമാക്കുന്നതെന്ന് പ്രോസിക്യൂട്ടർ ടി ഗീനാകുമാരി പ്രതികരിച്ചു. ഒന്നും മൂന്നും പ്രതികൾക്ക് വധശിക്ഷ നൽകണം എന്നായിരുന്നു വാദിച്ചിരുന്നത് എന്നാൽ പ്രതികൾ ഭീഷണിപ്പെടുത്തി മൊഴിമാറ്റി എന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
2021 ഡിസംബർ 11നാണ് കൊലപാതകം നടന്നത്. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട് ഒളിവിൽ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിർ ചേരിയില്‍പ്പെട്ട ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തൻകോട് കല്ലൂരുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രാണരക്ഷാർത്ഥം മറ്റൊരു വീട്ടിലേക്ക് സുധീഷ് ഓടികയറി. വാതിൽ തകർത്ത് അകത്ത് കയറി പ്രതികള്‍ കുട്ടികളുടെ മുന്നിലിട്ട് സുധീഷിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. വലതുകാൽ വെട്ടിയെടുത്തു. കാൽവഴിയിലെറിഞ്ഞു. ഇത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.
പ്രതികള്‍ സഞ്ചരിച്ച ഓട്ടോ പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതികളായ പതിനൊന്ന് പേരെയും വിവിധയിടങ്ങളില്‍ നിന്നായിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ക്വട്ടേഷനാണ് ഇരുസംഘങ്ങളും തമ്മിലുള്ള ആക്രമണത്തിൽ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.നെടുമങ്ങാട് ഡിവൈഎസ്.പിയായിരുന്ന എം.കെ.സുള്‍ഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.