’13ാമത് കേരള മുഖ്യമന്ത്രി’; കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തിൽ വിവാദം

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കിടെയിലെ മുഖ്യമന്ത്രി പോരിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ച് വിക്കിപീഡിയ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. വിമർശനമുയർന്നതോടെ വിവരണം നീക്കം ചെയ്യപ്പെട്ടു.അതേസമയം, മുഖ്യമന്ത്രി ചർച്ചകളോട് താത്‌പര്യമില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

താത്‌പര്യമില്ലായ്‌മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ചർച്ച ചെയ്യുന്നവർ ചെയ്യട്ടേയെന്നും കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്നുവിശേഷിപ്പിച്ച് ഫ്ലക്‌‌സ് ബോർഡുകൾ ഉയർന്നത് വിവാദമായിരുന്നു. മലപ്പുറം കാലടി പഞ്ചായത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്. പാറപ്പുറം കൂട്ടായ്‌മയുടെ പേരിലാണ് ഫ്ലെക്‌സ് വച്ചിരിക്കുന്നത്. ‘നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ’ എന്നാണ് അതിൽ എഴുതിയിരിക്കുന്നത്.

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല നേതാക്കളുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. ഇവരെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിലും അല്ലാതെയും പോസ്റ്ററുകൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ്‌കാസ്റ്റുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കേരള യാത്ര എന്ന പേരിലാണ് പോഡ്‌കാസ്റ്റ് തുടങ്ങിയത്. കെഎസ്‌യു കാലം മുതലുള്ള രമേശ് ചെന്നിത്തലയുടെ ജീവിതമാണ് വീഡിയോയിൽ അവതരിപ്പിച്ചിരുന്നത്. ‘കേരളത്തെ ആർസി നയിക്കട്ടെ’ തുടങ്ങിയ പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്