കെപിസിസി ഓഫീസ് വരെ വിട്ടുകൊടുക്കുമോ? വിവാദ പരാമർശവുമായി എം.വി ഗോവിന്ദൻ

സംസ്ഥാനത്തെ വി.ഡി സതീശൻ സർക്കാരിനെതിരെയും യു.ഡി.എഫ് മുന്നണിക്കെതിരെയും കടുത്ത രാഷ്ട്രീയ ആക്രമണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ നിലവിലെ സർക്കാർ ആർ.എസ്.എസ് അജണ്ടകളുടെ ദാസന്മാരാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
യു.ഡി.എഫിലെ ഓരോ മന്ത്രിമാരും കേന്ദ്രത്തിനും സംഘപരിവാറിനും മുന്നിൽ വിധേയത്വം പ്രഖ്യാപിക്കാൻ മത്സരിക്കുകയാണ്. പി.എം.എ.വൈ വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുന്നതിനെ കെ.എം ഷാജി ന്യായീകരിച്ചതും, എം.ജി സർവ്വകലാശാലയിൽ 19 ആർ.എസ്.എസ് പ്രവർത്തകരെ നിയമിച്ചതും, പി.എം. ശ്രീ പദ്ധതി നടപ്പിലാക്കിയതുമെല്ലാം ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി സംഘപരിവാർ അനുകൂലിയായ ശേഷാദ്രിനാഥനെ നിയോഗിച്ച നീക്കം മന്ത്രിമാർ പോലും അറിഞ്ഞിട്ടില്ലെന്നും ഇതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ കലാപം തുടങ്ങിക്കഴിഞ്ഞെന്നും ഗോവിന്ദൻ പരിഹസിച്ചു. ഇനി എന്നാണ് കെ.പി.സി.സി ഓഫീസ് ആർ.എസ്.എസിന് വിട്ടുനൽകുക എന്ന് മാത്രമാണ് അറിയാനുള്ളത്.
സർക്കാരിന്റെ ആസൂത്രണ പിഴവ് കാരണം 10 വർഷത്തിന് ശേഷം സംസ്ഥാനത്ത് പവർകട്ട് തിരിച്ചുവന്നിരിക്കുകയാണ്. കാർഷിക ഉത്പന്നങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിച്ച് കർഷകരെ സഹായിക്കാനുള്ള പദ്ധതി യു.ഡി.എഫ് ആക്ഷേപങ്ങളെ ഭയന്ന് സർക്കാർ അട്ടിമറിച്ചു. ബജറ്റിന് ആഴ്ചകൾക്ക് മുൻപ് ബക്കാഡിയുടെ ഫയൽ മുഖ്യമന്ത്രിയുടെ കയ്യിൽ എത്തിയിട്ടും മന്ത്രിമാരിൽ നിന്നും പാർട്ടികളിൽ നിന്നും അത് രഹസ്യമാക്കിവെച്ചു. നിയമസഭയിൽ അസംബന്ധം പറയുന്നതിൽ ഒന്നാമനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയതലത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിൽ 21,000 കോടി രൂപയുടെ വൻ അഴിമതിയാണ് നടന്നതെന്നും ഹിന്ദുക്കളുടെ സംരക്ഷകർ എന്ന് ചമയുന്നവർ രാമന്റെ പേരിൽ സഹസ്രകോടികൾ കീശയിലാക്കിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. സ്ത്രീ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളെ കണ്ടെത്തിയത് സി.പി.ഐ.എം ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റ് പ്രകാരമാണെന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രസ്താവനയും അദ്ദേഹം തള്ളി. അത്യാധുനികവും സുതാര്യവുമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അർഹരായവരുടെ ലിസ്റ്റ് തയ്യാറാക്കിയതെന്നും പാർട്ടി ഓഫീസിൽ നിന്നല്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.