ഇനി നേതാവാകാൻ പരീക്ഷ പാസ്സാകണം! ബിജെപിയിൽ അധ്യക്ഷന്റെ വക ‘ലീഡർഷിപ്പ് ടെസ്റ്റ്’ വരുന്നു

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നേതാക്കളുടെ അറിവും നേതൃപാടവവും അളക്കാൻ കടുത്ത പരീക്ഷണങ്ങളുമായി ബിജെപി. സംഘടനയെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള മികച്ച നേതാക്കളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബിജെപിയിൽ പ്രത്യേക നേതൃത്വ ക്ലാസും പരീക്ഷയും നടത്താൻ തീരുമാനിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരമാണ് ‘പ്രശിക്ഷൺ ശിബിരം’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബൂത്ത് തലം മുതലുള്ള താഴെത്തട്ടിലെ ഭാരവാഹികൾ മുതൽ ഉന്നത നേതാക്കൾ വരെ ഈ പഠന ക്ലാസിലും അതിനുശേഷമുള്ള പരീക്ഷയിലും പങ്കെടുക്കൽ നിർബന്ധമാണ്. കൂടാതെ പരീക്ഷ പാസ്സാകുന്നതും നിര്‍ബന്ധമാണ്.

സംസ്ഥാനത്തെ 280 മണ്ഡല അടിസ്ഥാനങ്ങളിലായി ക്രമീകരിക്കുന്ന ഈ ക്യാമ്പുകളിൽ രാഷ്ട്രീയ-സംഘടനാ ക്ലാസുകൾക്ക് പുറമെ കാലത്തിനനുസരിച്ചുള്ള ഡിജിറ്റൽ സാക്ഷരതാ പരിശീലനവും നേതാക്കൾക്ക് നൽകും. പാർട്ടിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് കൈകാര്യം ചെയ്യാനും അതിൽ വിവരങ്ങൾ കൃത്യമായി അപ്‌ലോഡ് ചെയ്യാനും എല്ലാ നേതാക്കളെയും പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ യുഗത്തിൽ സാങ്കേതിക വിദ്യയിൽ പിന്നോക്കം നിൽക്കുന്ന നേതാക്കളെ കൈപിടിച്ചുയർത്താനും, ക്ലാസുകളിൽ പഠിപ്പിച്ച കാര്യങ്ങൾ നേതാക്കൾ എത്രത്തോളം സ്വായത്തമാക്കി എന്ന് വിലയിരുത്താനുമാണ് ക്ലാസുകൾക്ക് ഒടുവിൽ പരീക്ഷ നടത്തുന്നത്.