പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; 2 പേർ അറസ്റ്റിൽ

കണ്ണൂര്‍: പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിൽ 2 പേര്‍ അറസ്റ്റില്‍. പന്ന്യന്നൂര്‍ സ്വദേശി വിജേഷ് (30), വടക്കുമ്പാട് സ്വദേശി അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
തലശ്ശേരിയിലെ പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങളാണ് ഇവര്‍ പകര്‍ത്തിയത്. കമിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. അറസ്റ്റിലായ ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് നടപടി. പാര്‍ക്കില്‍ രഹസ്യമായി സംഗമിക്കുന്ന നിരവധിപേരുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ ചിത്രീകരിച്ചതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്.