കേരളത്തിലെ തോൽവി കനത്ത തിരിച്ചടി; ജൂലൈയിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുമെന്ന് എം എ ബേബി

തിരഞ്ഞെടുപ്പിൽ കേരളത്തിലേറ്റ പരാജയം കനത്ത തിരിച്ചടിയാണെന്നും പാർട്ടി ഇത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കി. കേരളത്തിലുണ്ടായ പരാജയം പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച അദ്ദേഹം 1977-ന് ശേഷം രാജ്യത്ത് ഒരിടത്തും ഇടതുപക്ഷത്തിന് ഭരണമില്ലാത്ത സാഹചര്യത്തിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പാണിതെന്ന് ചൂണ്ടിക്കാട്ടി.

കേരളത്തിൽ തീവ്ര വലതുപക്ഷ സാന്നിധ്യം ശക്തമാകുന്നത് ഗൗരവകരമായ സ്ഥിതിവിശേഷമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബിജെപി ശക്തി പ്രാപിക്കുമ്പോഴും തമിഴ്‌നാട്ടിൽ അവർക്ക് വലിയ തിരിച്ചടി നൽകാൻ സാധിച്ചു.കേരളത്തിലെ പരാജയത്തെക്കുറിച്ച് പാർട്ടിയും മുന്നണിയും വിശദമായ പരിശോധനകൾ നടത്തിവരികയാണ്. ഭയരഹിതവും സ്വതന്ത്രവുമായ ചർച്ചകളാണ് പാർട്ടിയിൽ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് റിപ്പോർട്ടുകൾ വിശദമായി ചർച്ച ചെയ്യുന്നതിനായി ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും. നിലവിലെ സാഹചര്യമുണ്ടാകുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച ചില നിലപാടുകളും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.