പൊതുതെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ നേരിടുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ സംയുക്ത യോഗം ജൂണ്‍ 12ന് ചേരും. ബിഹാറിലെ പാറ്റ്നയില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. 18 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് മുതിര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന യോഗം പിന്നീട് ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച നടന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടചടങ്ങില്‍ നിന്നും പ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്നിരുന്നു. 21 പ്രതിപക്ഷ കക്ഷികളാണ് ചടങ്ങ് ബഹിഷ്കരിച്ചത്. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആം ആദ്മി പാര്‍ട്ടി, ശിവസേന, എന്‍സിപി, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, സിപിഐ, സിപിഎം, മുസ്ലീം ലീഗ്, ഝാര്‍ഘണ്ട് മുക്തി മോര്‍ത്ത നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, രാഷ്ട്രീയ ലോക്ദള്‍, എംഡിഎംകെ, വിടുതലൈ ചിരുതൈഗല്‍ കക്ഷി എന്നീ പ്രതിപക്ഷ പാര്‍ട്ടികളാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നത്.
ചടങ്ങില്‍ നിന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പകരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തു വന്നിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കണ്ട് ഇക്കാര്യം അറിയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആദ്യ യോഗത്തിനുള്ള തീയതി തീരുമാനിച്ചത്.
സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരിടത്തേക്ക് എത്തിക്കാനാണ് നിതീഷ് കുമാര്‍ പദ്ധതിയിടുന്നത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരെയും ഒരു കുടക്കീഴില് എത്തിക്കുക എന്നതാണ് നിതീഷ് കുമാര്‍ ലക്ഷ്യം വയ്ക്കുന്നത്.