23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടി, ഡിസംബറിൽ പുടിൻ ഇന്ത്യയിലെത്തും

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികൾ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബർ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്

മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ പുടിന്‍റെ ഈ സന്ദർശനം അതീവ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യ – യുഎസ് ബന്ധത്തിൽ അടുത്ത കാലത്തായി ഉലച്ചിലുകൾ നേരിടുന്നുണ്ട്. എന്നാൽ റഷ്യയുമായും ചൈനയുമായുമുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്തു. റഷ്യയുമായുള്ള വ്യാപാരത്തിന്‍റെ പേരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധത്തിന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ പരോക്ഷമായി സാമ്പത്തിക സഹായം നൽകുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുകയും ചെയ്തിരുന്നു.

യുഎസുമായുള്ള വ്യാപാര ചർച്ചകൾ നടക്കുന്നതിനിടയിൽ, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടത്തിലെ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് രംഗത്തെത്തി. ‘ഇന്ത്യ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്’ എന്ന് അദ്ദേഹം പറയുകയും, അമേരിക്കൻ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽക്കണമെങ്കിൽ ‘പ്രസിഡന്‍റുമായി സഹകരിച്ച് കളിക്കണം’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു