പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള എട്ട് വര്‍ഷത്തിനിടെ ബോംബ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചത് 26 പേര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഈ കണക്ക്. 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2016 മെയ് 25 മുതല്‍ 2024 ജൂണ്‍ 30 വരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. ഇവര്‍ക്ക് എന്തെങ്കിലും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് വിവരം ശേഖരിക്കുന്നുവെന്നാണ് മറുപടി നല്‍കിയിരിക്കുന്നത്.
ഈ കാലയളവില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് 54 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 189 പേര്‍ പ്രതികളായി. 54 കേസുകളില്‍ 17 കേസുകള്‍ അന്വേഷണാവസ്ഥയിലാണ്. 28 കേസുകളില്‍ കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണവേളയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 2 കേസുകളിലെ പ്രതികള്‍ മരണപ്പെട്ടിട്ടുണ്ട്. 6 കേസുകള്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അവസാനിപ്പിച്ചു.ഒരു കേസില്‍ തുടര്‍നടപടി അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. എപി അനില്‍ കുമാറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
സമീപകാലത്ത് ബോംബ് നിര്‍മ്മാണത്തിന്റെ പേരില്‍ സിപിഎം പ്രതിരോധത്തിലായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പാനൂരില്‍ ബോംബ് നിര്‍മ്മാണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ക്ക് സിപിഎം ബന്ധമില്ലെന്ന് പറയുമ്പോഴും കുറ്റപത്രം നല്‍കാതെ പോലീസ് ഒത്തുകളിച്ചതോടെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ തലശ്ശേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ലഭിച്ച ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചിരുന്നു. ആവര്‍ത്തിച്ച് സ്‌ഫോടനമുണ്ടായതോടെ പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ കണ്ണൂരിലും സമീപപ്രദേശങ്ങളിലുമായി വ്യാപകമായി ബോബ് കണ്ടെത്തിയിരുന്നു.