പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.എല്ലാ കുട്ടികൾക്കും  ഉപരിപഠനം ഉറപ്പു വരുത്തും. വേണ്ടിവന്നാൽ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇത് തുടര്‍പഠനത്തെ ബാധിക്കില്ല. യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പഠനത്തിന്‌ അവസരം ഉണ്ടാകും.

സി ബി എസ്‌ ഇ, ഐ സി എസ്‌ ഇ വിദ്യാര്‍ഥികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ തുടര്‍പഠനത്തിന്‌ അവസരമൊരുക്കുമെന്നും മന്ത്രി പറ‍ഞ്ഞു. ഹയര്‍ സെക്കണ്ടറിയില്‍ നിലവില്‍ 3,61,000 സീറ്റുകളുണ്ട്‌. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (33,000), ഐടിഐ (64,000), പോളിടെക്‌നിക്‌ (9,000). എന്നിങ്ങനെ ആകെ 4,67,000 സീറ്റുകളുണ്ട്‌. കൂടുതല്‍ സീറ്റുകള്‍ ആവശ്യമായി വന്നാല്‍ പ്രവേശനഘട്ടത്തില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.26 ശതമാനമായിരുന്നു വിജയം. 44,363 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുള്ളത്. ആകെ 4,23,303 കുട്ടികള്‍ ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *