സംപ്രേക്ഷണ വിലക്ക് : കേന്ദ്ര നടപടി ഭരണഘടനാ വിരുദ്ധവും നീതി നിഷേധമെന്നും മീഡിയ വണ്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സംപ്രേഷണ വിലക്കില്‍ വാര്‍ത്താവിനിമയ മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തിന് സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി മീഡിയവണ്‍. കേന്ദ്രത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. വിലക്കിന്റെ കാരണം അറിയിക്കാത്തത് സ്വാഭാവിക നീതി നിഷേധമാണ്. ലൈസന്‍സ് പുതുക്കാതിരിക്കാന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളൊന്നുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വേനലവധിക്ക് ശേഷം അന്തിമ വാദം കേള്‍ക്കാനിരിക്കെയാണ് മറുപടി സത്യവാങ്മൂലം നല്‍കിയത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ടതായതിനാല്‍ വിലക്കിന്റെ കാരണം ചാനലിനെ അറിയിക്കേണ്ടതില്ലെന്നാണ് രണ്ടാഴ്ച്ചക്ക് മുമ്പ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നുമാണ് കേന്ദ്ര വാര്‍ത്ത വിതരണ വകുപ്പ് ഡയറക്ടര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിലാണ് മീഡിയ വണ്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *