തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരി മരിച്ചു.ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ 12കാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പേവിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്സിനും കുട്ടി എടുത്തിരുന്നു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകളായ അഭിരാമിയെ കഴിഞ്ഞ മാസം 14നാണ് തെരുവുനായ കടിച്ചത്.
പാല് വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അവിടെ നിന്നാണ് ആദ്യത്തെ വാക്സിന് എടുക്കുന്നത്. രണ്ട് വാക്സിന് പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്.
തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടു വയസുകാരി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന് കുടുംബം. നായ കടിച്ച് പെരിനാട് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മതിയായ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പരിമിതികളുണ്ടെന്നാണ് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതെന്നും ഇവര്‍ പ്രതികരിച്ചു. അതേസമയം ചികിത്സാ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.