അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട്; വിമത നീക്കത്തില്‍ സോണിയയോട് മാപ്പ് പറഞ്ഞു

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഈയടുത്ത് രാജസ്ഥാന്‍ എം എല്‍ എമാര്‍ നടത്തിയ വിമത നീക്കത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വിമത നീക്കത്തില്‍ സോണിയയോട് അദ്ദേഹം മാപ്പ് പറഞ്ഞു.
സോണിയയുമായി ഒന്നര മണിക്കൂര്‍ ആണ് ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തിയത്. അതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വമാണ് തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം നാളെയാണ്. മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗ് മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ശശി തരൂരാണ് മറ്റൊരു സ്ഥാനാര്‍ഥി. 20 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.