ഗവര്‍ണറുടെ അമിതാധികാര പ്രവണത അംഗീകരിക്കാനാകില്ല,
വി സിയെ മാറ്റാന്‍ അധികാരമില്ല; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി…

ഗവര്‍ണറോട് നേരിട്ട് ഏറ്റുമുട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സര്‍വകലാശാലാ വി സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷമായി എതിര്‍ത്തു . നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുകയുമാണ്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. സംഘ്പരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യത്തിന്റെ അന്തസ്സത്തയെ നിരാകരിക്കുകയാണ് ഗവര്‍ണര്‍. ജനാധിപത്യപരമായി തരിഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെയും അക്കാദമികമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെയും അവകാശങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. ഈ രീതിയിലുള്ള അമിതാധികാര പ്രവണത അംഗീകരിച്ചു കൊടുക്കാനാകില്ല. ഗവര്‍ണര്‍ പദവിയെന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. ഭരണഘടന, നിയമം, കീഴ്വഴക്കങ്ങള്‍ എന്നിവക്കെല്ലാം വിരുദ്ധമായ നടപടികളുണ്ടായാല്‍ ശക്തമായ പ്രതികരണങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തെ മാനിക്കുന്ന ആരും അമിതാധികാരത്തെ അംഗീകരിച്ചു കൊടുക്കില്ല. നേരത്തെ പറഞ്ഞത് ഒന്നുകൂടി ആവര്‍ത്തിക്കുന്നു. സമൂഹത്തിന് മുന്നില്‍ പരിഹാസ്യനാകരുത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് കളയാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *