ഡൽഹിയിൽ ഇടത് നേതാക്കൾ കരുതൽ തടങ്കലിൽ; പിണറായി വിജയനെയും ജോൺ ബ്രിട്ടാസിനെയും ഛത്രസാൽ സ്റ്റേഡിയത്തിലെത്തിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ സമരത്തിൽ പങ്കെടുക്കാനെത്തിയ കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എം.പി., കെ.എൻ. ബാലഗോപാൽ എന്നിവരുൾപ്പെടെയുള്ള ഇടത് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇവരെ ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചിരിക്കുകയാണ്. മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, സി.ഐ.ടി.യു. നേതാവ് എളമരം കരീം, സി.പി.ഐ. നേതാവ് പ്രകാശ് ബാബു തുടങ്ങിയവരെ സിങ്കു അതിർത്തിക്ക് സമീപമുള്ള ബുരാരിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
കേരള ഹൗസിൽനിന്ന് പുറത്തേക്ക് ഇറങ്ങിയ ഉടൻ തന്നെ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പി. രാജീവ് പറഞ്ഞു. മണിക്കൂറുകളോളം നഗരത്തിൽ ചുറ്റിച്ചശേഷമാണ് തങ്ങളെ ഛത്രസാൽ സ്റ്റേഡിയത്തിലെത്തിച്ചതെന്ന് ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ആരോപിച്ചു.
ജയിൽ മുറികളെ അനുസ്മരിപ്പിക്കുന്ന അറകളുള്ള വാഹനത്തിലാണ് തങ്ങളെ കൊണ്ടുപോയതെന്ന് പി. രാജീവ് പറഞ്ഞു. വാഹനത്തിൽ നാല് അറകളുണ്ടെന്നും 15 പേരാണ് ഒപ്പമുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ബലപ്രയോഗത്തിൽ പലർക്കും പരിക്കേറ്റതായും പി. രാജീവ് ആരോപിച്ചു.
പൊലീസിന്റെ പെരുമാറ്റം വളരെ മോശമാണെന്ന് എളമരം കരീമും പ്രതികരിച്ചു. ഏകദേശം 25 പ്രവർത്തകരെ വാഹനത്തിൽ കയറ്റി കസ്റ്റഡിയിലെടുത്തശേഷം ഒരു മുറിയിൽ കൊണ്ടിരുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്താണ് ഞങ്ങൾ ചെയ്ത കുറ്റമെന്ന് അറിയില്ല. സാമാന്യ മര്യാദയില്ലാതെയാണ് പൊലീസ് പെരുമാറുന്നത്. പേടിപ്പിക്കുന്ന അവസ്ഥയാണ് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നത്’ എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.
ഇടത് നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ചും പൊലീസ് നടപടിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.