കോടതിയില്‍ നിലപാട് മയപ്പെടുത്തി ഗവര്‍ണര്‍; ചാന്‍സലറുടെ അന്തിമതീരുമാനം വരുന്നതുവരെ എല്ലാ വിസിമാര്‍ക്കും പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി

ദീപാവലി ദിനത്തില്‍ കേരളം ആകാംഷയോടെ കാത്തിരുന്ന ഹൈക്കോടതി വിധിയെത്തി. നിലവിലെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് ചാന്‍സലര്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ പദവിയില്‍ തുടരാം. ഹൈക്കോടതിയില്‍ ജസ്റ്റിസ് രാമചന്ദ്രന്റ ബഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. വിസിമാര്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ പദവിയില്‍ തുടരാന്‍ അനുവദിക്കാം. അല്ലെങ്കില്‍ തുടര്‍നടപടികളുമായി ഗവര്‍ണര്‍ക്ക് മുന്നോട്ടു പോവാമെന്നും കോടതി നിര്‍ദേശിച്ചു.
വിസിമാരുടെ എല്ലാ വാദങ്ങളും ഗവര്‍ണര്‍ പരിഗണിക്കണം. വിസിമാരുടെ രാജി ആവശ്യപ്പെട്ട് കത്ത് അയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. വിസിമാരുടെ രാജിക്ക് എന്തിനാണ് ഇത്ര തിടുക്കമെന്ന് ഗവര്‍ണറോട് കോടതി ചോദിച്ചിരുന്നു. വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയ സാഹചര്യമെന്തെന്നും കോടതി ഗവര്‍ണറോട് ചോദിച്ചു.ഒന്‍പത് സര്‍വകലാശാല വിസിമാര്‍ ഇന്ന് രാവിലെ 11.30ന് രാജിവെയ്ക്കണമെന്നാണ് ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ആവശ്യപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്താണ് വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേ സമയം വി സി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം.സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി പറഞ്ഞു. ആ വിധി ബാധകമാണെങ്കില്‍, വിസിമാര്‍ക്ക് ഒക്ടോബര്‍ 24 വരെ സമയം നല്‍കിയ ഗവര്‍ണര്‍ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കില്‍ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാന്‍സലറാണ്, എന്തുകൊണ്ട് ചാന്‍സലര്‍ക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.നിയമനം അസാധുവാണെന്ന് ചാന്‍സലര്‍ക്ക് തോന്നിയാല്‍, നിങ്ങളെ നീക്കം ചെയ്യാന്‍ അദ്ദേഹത്തിന് അധികാരമുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതിനുള്ള അധികാരമില്ലെന്ന് വിസിമാര്‍ മറുപടി നല്‍കി. അഡ്മിനിസ്ട്രേറ്റീവ് നിയമത്തില്‍, സാധുവായ ഉത്തരവുകളൊന്നുമില്ല. ഒന്നുകില്‍ നിയമനം ചോദ്യം ചെയ്യപ്പെടണം. അല്ലെങ്കില്‍ കോടതി ഇടപെടണം. നിയമപ്രകാരം മാത്രമേ ചാന്‍സലര്‍ക്ക് നടപടി എടുക്കാന്‍ സാധിക്കൂ. അല്ലാതെ നീക്കം ചെയ്യാനാകില്ലെന്നും വിസിമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *