ജനദ്രോഹ ഭരണത്തിനെതിരെ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് വളയും ; ലൈംഗിക ആരോപണത്തോട് പ്രതികരിക്കാത്ത സിപിഎം നിലപാട് കുറ്റസമ്മതത്തിന് തുല്യമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി

കണ്ണൂര്‍: സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾക്കും ജനദ്രോഹത്തിനുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്ക്കരിക്കാൻ കെപിസിസി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് കെ.സുധാകരന് എംപി. കെപിസിസി ഭാരവാഹിയോഗ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുക ആയിരുന്നു അദ്ദേഹം.
രണ്ട് മാസത്തേക്കുള്ള പാർട്ടി പരിപാടികൾക്കും പ്രക്ഷോഭ പരിപാടികൾക്കുമാണ് കെപിസിസി അന്തിമരൂപം നല്‍കിയത്. സമരപരമ്പരകളുടെ ആദ്യഘട്ടമായി നവംബർ 3 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. “പിണറായി ഭരണത്തിനെതിരെ പൗര വിചാരണ” എന്ന പേരിലുള്ള തുടർ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടമായാണ് കളക്ട്രേറ്റ് മാർച്ചുകൾ നടത്തുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്കായിരിക്കും മാർച്ച് നടത്തുന്നത്.
സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാഹന പ്രചരണ ജാഥകൾ നവംബർ 20 മുതൽ 30 വരെയുള്ള തീയ്യതികളിൽ സംഘടിപ്പിക്കും. ഡിസംബർ രണ്ടാം വാരത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ‘സെക്രട്ടേറിയറ്റ് വളയൽ’ സമരം മൂന്നാം ഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുമെന്നും സുധാകരന് പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31ന് വിപുലമായ അനുസ്മരണ പരിപാടികളോടെ ആചരിക്കും.ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ അനുസ്മരണം സംഘടിപ്പിക്കുന്നതോടൊപ്പം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ “ഭാരത് ജോഡോ പ്രതിജ്ഞ” ചൊല്ലി പൊതുപരിപാടികൾ സംഘടിപ്പിക്കും.
“നരബലിയുടെ തമസ്സിൽ നിന്ന് നവോത്ഥാനത്തിന്റെ തുടർച്ചയിലേക്ക്” എന്ന മുദ്രാവാക്യമുയർത്തി രാഷ്ട്രശിൽപ്പി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14ന് കേരളീയ സമൂഹത്തെ രോഗഗ്രസ്തമാക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും ഒരു പുതിയ ക്യാമ്പയിന് കോൺഗ്രസ് പാർട്ടി തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവംബർ 14 ന് നവോത്ഥാന സദസ്സുകൾ സംഘടിപ്പിക്കും. മയക്കുമരുന്ന് വ്യാപനവും പ്രതികാരക്കൊലകളുമടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരായ ബോധവൽക്കരണം നടത്തും. പാർട്ടി പ്രവർത്തകരോടൊപ്പം എഴുത്തുകാരും ചിന്തകരും സാമൂഹ്യ പ്രവർത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഈ ക്യാമ്പയിന്റെ ഭാഗമായി അണിനിരക്കും. ഇതിന്റെ തുടർച്ചയായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ “അന്ധവിശ്വാസത്തിനെതിരെ ആയിരം സദസ്സുകൾ” സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്നും സുധാകരന് പറഞ്ഞു.
ഗവര്‍ണ്ണറുടെ കെെകളും ശുദ്ധമല്ല
ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വജനപക്ഷ നിലപാടിന് അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണ്ണറുടെ കെെകളും ശുദ്ധമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിയമനം ലഭിച്ച വെെസ് ചാന്‍സിലര്‍മാര്‍ രാജിവെയ്ക്കണമെന്ന ഗവര്‍ണ്ണറുടെ നടപടി സ്വാഗതാര്‍ഹമാണ്. വിസി നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. വ്യവസ്ഥകള്‍ ലംഘിച്ച് വിസിമാര്‍ക്ക് നിയമനം നല്‍കിയതില്‍ ഗവര്‍ണ്ണര്‍ക്കും പങ്കുണ്ട്.കണ്ണൂര്‍,കാലടി സര്‍വകലാശാലകളിലെ വിസി നിയമനം തെറ്റാണെന്ന് അറിഞ്ഞിട്ടും ഗവര്‍ണ്ണര്‍ സര്‍ക്കാരിന് വഴങ്ങി.സ്വന്തം ജില്ലയിലെ വിസി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണ്ണറുടെ നടപടി അനുചിതം തന്നെയാണ്. ഭരണഘടനാ ഉന്നതപദവിയിലിരിക്കുന്ന ഗവര്‍ണ്ണര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണത്.
സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി എല്‍ഡിഎഫ് സര്‍ക്കാരിനും ഗവര്ണ്ണര്ക്കുമുള്ള തിരിച്ചടിയാണ്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ ശുപാര്‍ശകള്‍ നടപ്പിലാക്കേണ്ട വ്യക്തിയല്ല ഗവര്‍ണ്ണര്‍. ഗവര്‍ണ്ണര്‍ തെറ്റുതിരുത്തി പൊതുസമൂഹത്തോട് മാപ്പ് പറയുന്നതോടൊപ്പം ഇടതു സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാനും ഗവര്‍ണ്ണര്‍ തയ്യാറാകണം. സ്വയംഭരണാധികാരമുള്ള സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്തതും ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ ഇല്ലാതാക്കിയതും ഇടതുസര്‍ക്കാരാണ്. അക്കാദമിക് നിലവാരമില്ലാത്തവരെ വ്യക്തിതാല്‍പ്പര്യം കണക്കിലെടുത്ത് നിയമനം നല്‍കിയത് അതിന്റെ ആഘാതം വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുള്ള പരസ്യ പോര് സംസ്ഥാന താല്‍പ്പര്യത്തിനും ഫെഡറല്‍ തത്വത്തിനും ചേര്‍ന്നതല്ല. ബിജെപിയുടെയും സിപിഎമ്മിന്റെയും കെെയ്യിലെ പാവയായി പലപ്പോഴും ഗവര്‍ണ്ണര്‍ മാറി.
വിസി വിഷയത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നതയില്ല. ബിജെപി അജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണര്‍മാരെ ഉപയോഗിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ബിജെപി ഭരണത്തില്‍ വന്നശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാര്‍ ജനാധിപത്യത്തെ ഉള്ളം കയ്യിലിട്ട് അമ്മാനമാടുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് കെ.സി.വേണുഗോപാല്‍ വിമര്‍ശനം ഉന്നയിച്ചതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ലെെംഗിക ആരോപണത്തോട് പ്രതികരിക്കാത്ത
സിപിഎം നിലപാട് കുറ്റസമ്മതത്തിന് തുല്യം
മുന്മന്ത്രിമാര്ക്കും മുന്‍ സ്പീക്കര്‍ക്കുമെതിരെ ഉയര്‍ന്ന ഗുരുതരമായ ലെെംഗിക ആരോപണത്തോട് പ്രതികരിക്കാത്ത സിപിഎം നിലപാട് കുറ്റസമ്മതത്തിന് തുല്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെ നിസ്സാരവത്കരിക്കാനുള്ള സിപിഎം നീക്കം സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ലെെംഗിക ആരോപണ വിധേയരായ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറാകണം.സിപിഎം നേതാക്കള്‍ക്കെതിരെ നാണം കെട്ട ആരോപണമാണ് ഉയര്‍ന്ന് വന്നത്. തെളിവുകളില്ലാതെ സോളാര്‍ കേസിലെ പ്രതി ആരോപണം ഉന്നയിച്ചപ്പോള്‍ ഏറ്റെടുത്ത് ആഘോഷിച്ച സിപിഎം എന്തുകൊണ്ടാണ് സ്വപ്നയുടെ ആരോപണത്തോട് മുഖം തിരിക്കുന്നത്. ആരോപണം ഉന്നയിക്കുക മാത്രമല്ല അത് തെളിയിക്കാന്‍ തയ്യാറാണെന്ന് സിപിഎമ്മിനെ സ്വപ്ന വെല്ലുവിളിച്ചിട്ടും ഒരക്ഷരം മിണ്ടാനോ മാനനഷ്ടകേസ് കൊടുക്കാനോ മുന്നോട്ട് വരാത്തത് അവര്‍ നേരിടുന്ന രാഷ്ട്രീയ പാപ്പരത്തിന് തെളിവാണ്. ഡാറ്റക്കച്ചവടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണം അവഗണിക്കാന്‍ കഴിയുന്നതല്ലെന്നും സുധാകരന് പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കെപിസിസി യോഗം സമഗ്രമായി വിലയിരുത്തി.സംസ്ഥാനത്തെ ക്രമസമാധാനത്തകർച്ചയും പോലീസ് അതിക്രമങ്ങളും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്.പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള സർവ്വകലാശാലകളിലെയും സർക്കാർ വകുപ്പുകളിലെയും അനധികൃത നിയമനങ്ങൾ ഭരണരംഗത്തിന്റെ വിശ്വാസ്യത പാടെ തകർത്തു.കോവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാര്‍ പിപിഇ കിറ്റും ഗ്ലൗസുമൊക്കെ വാങ്ങുന്നതിലുണ്ടായ വലിയ തീവെട്ടിക്കൊള്ള സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം.രൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങളാകെ പൊറുതിമുട്ടുമ്പോൾ വിപണിയിലിടപെടാതെ സംസ്ഥാന സർക്കാർ നോക്കുകുത്തിയാവുകയാണ്.കാർഷിക മേഖലയിലും സർക്കാരിന്റെ ജനദ്രോഹം തുടരുന്നു. നെല്ലു സംഭരണവും കൊപ്ര സംഭരണവും റബർ സംഭരണവും പൂർണ്ണ പരാജയമായിരിക്കുകയാണെന്നും കെപിസിസി യോഗം അഭിപ്രായപ്പെട്ടു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കെപിസിസി ഭാരവാഹികളും പങ്കെടുത്തു.