ഗവര്‍ണറെ ചൊടിപ്പിച്ചത് ധനമന്ത്രിയുടെ ‘യുപി’ പരാമര്‍ശം; വാര്‍ത്തകള്‍ അക്കമിട്ട് നിരത്തി മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടായാല്‍ മന്ത്രിമാര്‍ക്കുള്ള പ്രീതി പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഒരു പൊതുപരിപാടിയിലെ പ്രസംഗത്തിനിടെ നടത്തിയ നടത്തിയ ‘യുപി’ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നത്.

ഒമ്പത് സര്‍വ്വകലാശാല വി സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്ക് പിന്നാലെയായിരുന്നു പ്രസംഗം. ബാലഗോപാലിന്റെ പരാമര്‍ശം സംബന്ധിച്ച് ഒക്ടോബര്‍ 19ന് വന്ന വാര്‍ത്തകള്‍ സഹിതമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ‘വൈസ് ചാന്‍സലര്‍മാര്‍ക്ക് 100 സുരക്ഷാ ഭടന്മാര്‍ വരെയുള്ള, യുപി പോലുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വ്വകലാശാലകളെ മനസിലാക്കാന്‍ പ്രയാസമായിരിക്കും’ എന്നാണ് ഒരു പൊതുപരിപാടിക്കിടെ മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും പരിപാടിയില്‍ സംസാരിച്ചിരുന്നു.

ധനമന്ത്രിയുടെ പ്രതികരണം സംബന്ധിച്ച് ദ ഹിന്ദു, ദ ടൈംസ് ഓഫ് ഇന്ത്യ, മലയാള മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് ഗവര്‍ണറുടെ കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധനമന്ത്രിയുടെ പരാമര്‍ശം ഗവര്‍ണര്‍ സ്ഥാനത്തെയും ഓഫീസിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രിയും നിയമമന്ത്രിയും അടക്കം തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയെന്നും എന്നാല്‍ അത് താന്‍ അവഗണിക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്. കെ എന്‍ ബാലഗോപാലിന്റെ പരാമര്‍ശത്തിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ അത് തന്റെ കടമകളുടെ ഗുരുതര വീഴ്ചയാകുമെന്നും കത്തില്‍ ഗവര്‍ണര്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *