ടി.ജെ ചന്ദ്രചൂഢന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ആർ എസ്.പി. മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഢന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ഇടതുപക്ഷ രാഷ്ട്രീയത്തിന് തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിന് പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹം. പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം തലസ്ഥാനത്തെ സാമൂഹ്യ- സാംസ്കാരിക സദസ്സുകളിൽ സജീവ സാന്നിധ്യമായിരുന്നു.
യുപിഎ ഭരണകാലത്ത് ദേശീയ രാഷ്ട്രീയത്തിലും ചന്ദ്രചൂഡൻ ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ടി.ജെ ചന്ദ്രചൂഢൻ്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു
ആർ എസ് പി ദേശീയ നേതാവ് ടി.ജെ ചന്ദ്രചൂഢൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
കേരളത്തിന് നഷ്ടമായത് നിശ്ചയദാർഢ്യവും നേതൃപാടവവുമുള്ള ഒരു തലമുതിർന്ന നേതാവിനെയാണ് എന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയത്തിനും തൊഴിലാളി പ്രസ്ഥാനത്തിനും തന്റേതായ സംഭാവനകൾ നല്കിയ നേതാവാണ് പ്രൊഫ. ടി.ജെ ചന്ദ്രചൂഢൻ.
ആർ എസ്.പി. മുൻ ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ – സാംസ്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമായ പ്രാസംഗികനും എഴുത്തുകാരനും പണ്ഡിതനുമെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നും സ്പീക്കർ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.