ഗുജറാത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയും. ജംനഗര്‍ നോര്‍ത്തില്‍ നിന്നാണ് റിവാബ ജനവിധി തേടുന്നത്. ധര്‍മ്മേന്ദ്ര എം ജഡേജയെ മാറ്റിയാണ് റിവാബ ജഡേജയ്ക്ക് സീറ്റ് നല്‍കിയിരിക്കുന്നത്. 2019ലാണ് റിവാബ ബിജെപിയില്‍ അംഗത്വമെടുത്തത്.
റിവാബയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ നന്ദി അറിയിച്ചു. ‘ നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചതില്‍ റിവാബയെ അഭിനന്ദിക്കുന്നു. സമൂഹത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ റിവാബയ്ക്ക് കഴിയട്ടെ. നിയമസഭയിലേക്ക് മത്സരക്കുന്നതിന് റിവാബയ്ക്ക് അവസരം നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നു.’ എന്ന് രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്തു.
2016ലാണ് റിവാബയുടേയും രവീന്ദ്ര ജഡേജയുടേയും വിവാഹം കഴിഞ്ഞത്. മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ റിവാബ ജഡേജ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഹരി സിംഗ് സോളങ്കിയുടെ ബന്ധു കൂടിയാണ്.