പിണറായി വിജയന്‍റെ ഐശ്വര്യം വി.ഡി സതീശൻ; കൊള്ളരുതായ്മക്കെല്ലാം പ്രതിപക്ഷം കുടപിടിക്കുന്നു: വി.മുരളീധരൻ

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവരുന്ന ജനാധിപത്യവിരുദ്ധ നടപടിക്ക് എല്ലാം വി.ഡി സതീശനും പ്രതിപക്ഷവും കൂട്ടുനിൽക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. രാജ്ഭവനെതിരെ പിണറായി വിജയൻ പറയുന്നത് എല്ലാം ഏറ്റുപറഞ്ഞുകൊള്ളാം എന്ന് വി.ഡി. സതീശന് കരാർ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിന്‍റെ സർവകലാശാല സംരക്ഷണ സദസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി

ഗവർണക്കെതിരായ ബിൽ അവതരണത്തിലൂടെ അഴിമതിയെ ക്രമവല്‍ക്കരിക്കാന്‍ ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ നിയമസഭയെ ഉപയോഗിക്കുകയാണ് സിപിഎം ചെയ്തതതെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. ഗവർണർക്കെതിരെയുള്ള പടയൊരുക്കത്തിന് കോൺഗ്രസ് പിന്തുണ നൽകുന്നത് മുസ്ലീം ലീഗിന്‍റെ സമ്മർദ്ദം കൊണ്ടാണെന്നും വി.മുരളീധരൻ ആരോപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ബിൽ കോടതിയിൽ നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു. മോദി വിരോധവും പിണറായി സ്തുതിയും ഉള്ളവരെയാണ് യോഗ്യതകൾക്കപ്പുറം എൽഡിഎഫ് സർക്കാരിന് താത്പര്യം. മല്ലിക സാരാഭായിയുടെ നിയമനം ഇത് തെളിയിക്കുന്നതായും വി.മുരളീധരൻ കൂട്ടിച്ചേർത്തു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി പ്രധാനമന്ത്രിയെക്കുറിച്ച് കള്ളക്കഥ മെനഞ്ഞ് പാടി നടന്നതാണ് മല്ലിക സാരാഭായിയുടെ അധിക യോഗ്യതയെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. ആരിഫ് മുഹമ്മദ് ഖാനെപ്പൊലൊരു അക്കാദമീഷ്യനെ മാറ്റി ആക്ടിവിസ്റ്റുകളെ ആ കസേരിയിൽ പ്രതിഷ്ഠിക്കുന്ന സിപിഎം കേരളത്തിലെ സര്‍വകലാശാലകളുടെ അടിവേര് തോണ്ടുകയാണെന്നും വി.മുരളീധരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *