ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനകുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് മോദിയെ സഹായിക്കലാണെന്ന് എ കെ ആന്റണി

: അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്‍റെ പേരില്‍ അകറ്റിനിര്‍ത്തുന്നത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണി. അത് വീണ്ടും മോദിക്ക് അധികാരത്തില്‍ വരാനെ ഉപകരിക്കു.എല്ലാ മതസ്ഥരായ ജനങ്ങളെയും കൂടെ നിര്‍ത്തണം. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമെ വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ആന്റണി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കും. ഭാരതത്തിന്‍റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കപ്പെടും.മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബിജെപിയും പയറ്റുന്നത്. പൗരന്‍റെ മൗലിക അവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ബിജെപി ഇല്ലായ്മ ചെയ്യുകയാണ്. ഭാഷയുടെയും വര്‍ഗ്ഗത്തിന്‍റെയും വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു. ഇന്ത്യയുടെ വെെവിധ്യങ്ങളെയും നാനാത്വത്തെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂയെന്നും എകെ ആന്‍റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *