വിജയ്ക്ക് വീണ്ടും വിജയം; വിസികെ, ഇടതുപക്ഷ പിന്തുണയോടെ ടിവികെ 118 മാർക്ക് കടന്നു, ആറുമണിക്ക് ഗവർണറെ കാണും

ചെന്നൈ: സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം ടിവികെ ഒടുവിൽ തികച്ചതായി പാർട്ടി വൃത്തങ്ങൾ. കേവല ഭൂരിപക്ഷത്തിനുവേണ്ട 118 എംഎൽഎമാരുടെ പിന്തുണ ടിവികെയ്ക്ക് ലഭിച്ചതായി പാർട്ടി വ്യക്തമാക്കുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി ഗവർണർ ആർ വി ആർലേക്കറെ പാർട്ടി അദ്ധ്യക്ഷൻ വിജയ് ആറ് മണിക്ക് കാണും.

വിസികെ, സിപിഎം, സിപിഐ എന്നീ പാർട്ടികളുടെ സീറ്റ് ഉറപ്പിച്ചതിനെ തുടർന്നാണ് വിജയ് ഗവർണറെ കാണുന്നതെന്ന അഭ്യൂഹവുമുണ്ട്. അണ്ണാ ഡിഎംകെയിലെ വിമത നേതാക്കളുമായും ടിവികെ നേതാക്കൾ ചർച്ച നടത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. അണ്ണാ ഡിഎംകെ വിട്ട് ടിവികെയിലെത്തിയ സെങ്കോട്ടയ്യനാണ് വിമത നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. വിമതശബ്ദം ഉയർത്തുന്ന നേതാക്കളായ സി വി ഷണ്മുഖം, ഒ എസ് മണിയൻ എന്നിവരേയും അവരെ അനുകൂലിക്കുന്ന എംഎൽഎമാരുടേയും പിന്തുണ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സ്വീകരിക്കാനാണ് നീക്കം.

വിമതനേതാക്കളെ പിന്തുണയ്ക്കുന്ന 28 എംഎൽഎമാർ ഇപ്പോൾ പുതുച്ചേരിയിലെ റിസോർട്ടിലാണ്. സി വി ഷണ്മുഖത്തിന് ഉപമുഖ്യമന്ത്രിസ്ഥാനവും മറ്റു രണ്ടുപേർക്ക് മന്ത്രിസ്ഥാനവുമാണ് വിമത നേതാക്കളുടെ ആവശ്യം.നേരത്തെ രണ്ടുതവണ വിജയ് ഗവർണറെ കണ്ടുവെങ്കിലും 118 പേരുടെ പിന്തുണ കത്ത് വേണമെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിന്നിരുന്നു. ടിവികെയ്ക്ക് അനുകൂലമാണ് ജനവിധിയെന്നും ഗവർണർ വിജയ്‌യെ സർക്കാർ ഉണ്ടാക്കാൻ അനുവദിക്കണമെന്നും ഘടകകക്ഷി നേതാക്കളുമായുള്ള യോഗത്തിനുശേഷം ഡിഎംകെ അദ്ധ്യക്ഷൻ എം കെ സ്റ്റാലിനും ആവശ്യപ്പെട്ടിരുന്നു.