ഇപിക്കെതിരെ പാർട്ടി അന്വേഷണമില്ല; അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം

ഇപി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. വിവാദം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായി. എന്നാൽ തത്കാലം അന്വേഷണം ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്കു കടക്കേണ്ടതില്ലെന്നാണ് തീരുമാനം.
കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ കണ്ണൂരിൽ നിന്നു തന്നെയുള്ള മുതിർന്ന അംഗം പി ജയരാജനാണ് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ഇപിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതു പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേർന്നെങ്കിലും ഇക്കാര്യം ചർച്ച ചെയ്തില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് ഉചിത നടപടിയെടുക്കുമെന്നായിരുന്നു അനൗദ്യോഗികമായി കേന്ദ്ര നേതാക്കൾ പറഞ്ഞത്.
അതേസമയം ഇപിക്കെതിരായ ആരോപണം സംസ്ഥാന നേതൃത്വത്തിനു രേഖാമൂലം ലഭിച്ചിട്ടുണ്ടോയെന്നതിൽ വ്യക്തത വന്നിട്ടില്ല. സംസ്ഥാന സമിതിയിൽ ആരോപണം ഉയർന്നപ്പോൾ രേഖാമൂലം എഴുതി നൽകിയാൽ അന്വേഷിക്കാമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചത്. ആധികാരികമായാണ് ആരോപണം ഉന്നയിക്കുന്നതെന്നും എഴുതി നൽകാമെന്നും പി ജയരാജൻ അറിയിച്ചതായും റിപ്പോർ്ട്ടുകൾ വന്നു. എന്നാൽ പി ജയരാജൻ ആരോപണം എഴുതി നൽകിയോ എന്നതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.