ഗുരുസ്തുതി സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റില്ല ; വിവാദം !

കണ്ണൂർ : എസ്എൻ കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റുനിൽക്കാതിരുന്നതിനെച്ചൊല്ലി വിവാദം.
വേദിയില്‍ ഗുരുകീര്‍ത്തനം ചൊല്ലുമ്ബോള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ളവര്‍ ഭക്തിയോടെ എഴുന്നേറ്റ് നില്ക്കുമ്പോള് മുഖ്യമന്ത്രി പിണറായി വിജയന് സീറ്റില്‍ തന്നെ ഇരുന്നു. മാത്രല്ല മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്ന കടന്നപ്പള്ളി രാമചന്ദ്രന് ഈ ഗുരുസ്തുതി കേട്ട് എഴുന്നേല്ക്കാന് ശ്രമിച്ചപ്പോള്‍ പിണറായി അദ്ദേഹത്തെ നിര്‍ബന്ധിച്ച് ഇരുത്തുന്നതായും വീഡിയോയില്‍ കാണാം.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അനുകൂലിച്ചും എതിർത്തും ചർച്ച സജീവമായത്. ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയിൽ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തുവന്നു. മതത്തിന് എതിരല്ല സിപിഎം എന്നു പാർട്ടി സെക്രട്ടറി പറയുമ്പോൾ മതാചാരങ്ങളെ പൊതുവേദിയിൽ അപമാനിക്കുകയാണു മുഖ്യമന്ത്രിയെന്നു സുധാകരൻ കുറ്റപ്പെടുത്തി.
ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശിവഗിരിയിൽ എത്തി ഗുരുദർശനങ്ങളെ പുകഴ്ത്തിയ പിണറായി വിജയൻ എസ്എൻ കോളജ് വേദിയിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ എഴുന്നേൽക്കാതെയിരുന്ന് ഗുരുവിനെ അപമാനിച്ചു. ആവശ്യം വരുമ്പോൾ ഗുരുദർശനങ്ങളെയും ശ്രീനാരായണീയരെയും വാഴ്ത്തുന്ന മുഖ്യമന്ത്രി തരംപോലെ ഇകഴ്ത്തലും തുടരുകയാണെന്നു മുരളീധരൻ പറഞ്ഞു.