കാസര്‍ഗോഡ്‌ വിദ്യാർഥിയുടെ മരണം ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതി(19)യുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഭക്ഷണത്തിൽ നിന്നേറ്റ വിഷബാധയല്ല ഇതെന്നാണ് ഫൊറൻസിക് സർജൻ്റെ നിഗമനം. കൂടുതൽ വ്യക്തതക്ക് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു.

കരൾ പ്രവർത്തനരഹിതമായതാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. വിഷമാണ് കരളിൻ്റെ പ്രവർത്തനത്തെ ബാധിച്ചത്. വിഷം തിരിച്ചറിയാൻ വിദഗ്ധ പരിശോധന നടത്തും. മരണത്തിൽ ചില പ്രാഥമിക തെളിവുകൾ ലഭിച്ചെന്ന് കാസർകോട് എസ് പി വൈഭവ് സക്സേന പറഞ്ഞു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം വേണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ജുശ്രീ ഭക്ഷണം പാഴ്സൽ വാങ്ങിയ ഹോട്ടലിൽ നിന്ന് 120ഓളം പേർ കുഴിമന്തി കഴിച്ചിരുന്നുവെന്നും എന്നാൽ, മറ്റാർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായില്ലെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലും പറയുന്നുണ്ട്. ഇന്നലെ രാവിലെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ജുശ്രീ മരിച്ചത്. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു അഞ്ജുശ്രീ.

Leave a Reply

Your email address will not be published. Required fields are marked *