തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവ് ഉടന്‍ പ്രാബല്യത്തില്‍ വരും. മിനിമം പത്ത് രൂപയാക്കാനാണ് തീരുമാനം. ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് ഇടതുമുന്നണിയോഗം അംഗീകാരം നല്‍കിയതോടെയാണ് തീരുമാനം. അതേസമയം മിനിമം 12 രൂപയാക്കണമെന്നുള്ള സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം മുന്നണി തള്ളി.ഇതോടൊപ്പം ഓട്ടോറിക്ഷ/ടാക്‌സി നിരക്കു വര്‍ധിപ്പിക്കാനും തീരുമാനമായി. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ തല്‍ക്കാലം മാറ്റം ഉണ്ടാകില്ല. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ട് രൂപയായി തുടരും.അതേസമയം കണ്‍സഷന്‍ നിരക്ക് മാറ്റണോ എന്ന് പഠിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തി. ബസുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വര്‍ധിക്കും. നേരത്തെ ഇത് 90 പൈസയായിരുന്നു. പെട്രോള്‍ ഡീസര്‍ വില വര്‍ദ്ധനവ് വല്ലാതെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ടുകൂടി മനസിലാക്കിയാണ് തീരുമാനമെടുത്തതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനും മന്ത്രി ആന്‍്ണി രാജുവും അറിയിച്ചു.
ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ് 30 രൂപയാക്കി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നല്‍കണം. 1500 സിസിയില്‍ താഴെയുള്ള ടാക്‌സികള്‍ക്കു മിനിമം ചാര്‍ജ് 200 രൂപയാക്കി. 1500 സിസിയില്‍ മുകളിലുള്ള ടാക്‌സികള്‍ക്ക് അഞ്ച് കിലോമീറ്റര്‍ വരെ 225 രൂപയാണു മിനിമം ചാര്‍ജ്. പിന്നീട് ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. വെയ്റ്റിങ് ചാര്‍ജില്‍ മാറ്റമില്ല.
ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ സമരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.