കോവിഡിലും ലോക്ഡൗണിലും തകര്‍ന്ന സാധാരണക്കാരുടെ
പോക്കറ്റ് കൊള്ളയടിക്കാന്‍ സംസ്ഥാനത്ത് ബസ്-ഓട്ടോ ടാക്സി ചാര്‍ജ് വര്‍ധനവ്

തിരുവനന്തപുരം: ബസ്-ഓട്ടോ ടാക്സി ചാര്‍ജ് വര്‍ധനവ് സംസ്ഥാനത്ത് മറ്റൊരു കൊള്ളയടിയാകും. അയല്‍ സംസ്ഥാനങ്ങളില്‍ ഇത്രയേറെ ചാര്‍ജ് ഇല്ലെന്നിരിക്കെയാണ് കേരളത്തില്‍ അമിത ചാര്‍ജ് നല്‍കേണ്ടി വരുന്നത്. അടുത്തനാളിലൊന്നും തമിഴ്നാട്ടില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിച്ചിട്ട് അധികനാളായിട്ടില്ല.അവിടെ മിനിമം ചാര്‍ജായ അഞ്ചു രൂപക്ക് രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കാം. തൊട്ടടുത്ത ടിക്കറ്റ് നാലു കിലോമീറ്ററിന് ആറു രൂപ. ആറു കിലോമീറ്ററിന് എഴു രൂപ. എട്ടു കിലോമീറ്ററിന് എട്ടു രൂപ.

കേരളത്തില്‍ നിലവില്‍ മിനിമം ടിക്കറ്റ് നിരക്കായ എട്ടു രൂപക്ക് പോകാവുന്നത് 2.5 കിലോമീറ്റര്‍ മാത്രമാണ്. അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള രണ്ടാം ഫെയര്‍ സ്റ്റേജ് കടക്കണമെങ്കില്‍ 10 രൂപ കൊടുക്കണം. ബസുടമകളുടെ ആവശ്യപ്രകാരം മിനിമം കൂലി കൂട്ടാന്‍ പോകുന്നത് 2.5 കിലോമീറ്ററിന് 10 രൂപയാണ്.

ശമ്ബളവും വാഹന നികുതിയും വില്പന നികുതിയും ഒഴികെ ഒരുകിലോമീറ്റര്‍ ബസ് സര്‍വീസ് നടത്തിപ്പിനുള്ള ചെലവ് കേരളത്തിലും തമിഴ്നാട്ടിലും ഒന്നുതന്നെയാണ്. പിന്നെങ്ങനെ തമിഴ്നാടിന്റെ ഇരട്ടി മിനിമം ഓര്‍ഡിനറി ബസ് കൂലി കേരളത്തില്‍ ഏര്‍പ്പെടുത്താനാകും.

2021 ഡിസംബര്‍ 24ന് കെ.എസ്.ആര്‍.ടിസിയുടെ 3480 ബസുകള്‍ 1169382 കി.മീ. സര്‍വീസ് നടത്തി. 1690401 യാത്രക്കാരെ കയറ്റി ഇറക്കി. സ്വകാര്യ ബസുടമകള്‍ പറയുന്ന കണക്കില്‍ കേരളത്തില്‍ 15000 സ്വകാര്യ ബസുകളുണ്ട്. ഇവയില്‍ പ്രതിദിനം 90 ലക്ഷം യാത്രക്കാര്‍ സഞ്ചരിക്കുന്നു. അങ്ങനെ എല്ലാം കൂടി ഒരുകോടി ഏഴുലക്ഷം യാത്രക്കാര്‍ കേരളത്തിലുണ്ട്. ഈ യാത്രികരില്‍ 80 ശതമാനവും ഓര്‍ഡിനറി ബസുകളിലെ ആദ്യത്തെ നാലു സ്റ്റേജുകളില്‍ (10 കിമീറ്റര്‍) യാത്ര ചെയ്യുന്നവരാണെന്നാണ് മുന്‍ ചീഫ് സെക്രട്ടറി രവീന്ദ്രന്‍ നായര്‍ മുതല്‍ ഷീലാ തോമസ് കമ്മീഷന്‍ വരെ കണക്കുകളുടെ അടിസ്?ഥാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരള തമിഴ്നാട് ചാര്‍ജു വ്യത്യാസം നോക്കിയാല്‍ ആദ്യത്തെ നാലു സ്റ്റേജുകളില്‍ കേരളത്തിലെ 72 ലക്ഷം യാത്രക്കാര്‍ ദിവസവും മൂന്നു മുതല്‍ ഏഴു രൂപ വരെ കൂടുതല്‍ കൊടുക്കുന്നുണ്ട്. ഇത് പ്രതിദിനം 2.16 കോടി രൂപവരും.

കൊറോണക്ക് മുമ്പ്് ഏറ്റവും ഒടുവില്‍ ഓര്‍ഡിനറി ചാര്‍ജ് വര്‍ധിപ്പിച്ചത് ജി.ഒ (പി) 4/2018 ഉത്തരവിലൂടെ 2018 ഫെബ്രുവരി 26ാം തീയതിയായിരുന്നു. അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള ഓര്‍ഡിനറി മിനിമം ചാര്‍ജ് എട്ടു രൂപയും ഓര്‍ഡിനറി കിലോമീറ്റര്‍ നിരക്ക് 70 പൈസയുമായിരുന്നു. കൊറോണക്ക് മുമ്ബുള്ള ആദ്യത്തെ എട്ടു സ്റ്റേജിലെ (20 കിലോമീറ്റര്‍) യാത്രക്കൂലി ഇങ്ങനെ.

കിലോമീറ്റര്‍ നിരക്ക് 70 പൈസയാണെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പറയുമ്പോഴും കിലോമീറ്റര്‍ നിരക്ക് 95 പൈസ മുതല്‍ 320 പൈസ വരെയാണ്. 10 വര്‍ഷം മുമ്ബ് യു.ഡി.എഫ് ഭരണകാലത്ത് 2011 ആഗസ്റ്റ് എട്ടിനായിരുന്നു മിനിമം ചാര്‍ജിന് യാത്ര ചെയ്യാവുന്ന ദൂരം രണ്ടു ഫെയര്‍ സ്റ്റേജായ അഞ്ചു കിലോമീറ്റര്‍ ആക്കിയത്. കൊറോണയുടെ മറവില്‍ മറ്റു സംസ്ഥാനങ്ങളൊന്നും ഓര്‍ഡിനറി ബസുകളുടെ യാത്രക്കൂലി കൂട്ടിയില്ല. എന്നാല്‍, കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2020 ജൂലൈ രണ്ടിന് ഓര്‍ഡിനറി കിലോമീറ്റര്‍ യാത്രക്കൂലി 70 പൈസയില്‍ നിന്നും 90 പൈസയാക്കി കൂട്ടുകയും മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം 5 കിലോമീറ്ററില്‍നിന്നും 2.5 കി.മീ. ആക്കി കുറക്കുകയും ചെയ്തു. 60 പേരെ കയറ്റാവുന്ന ഓര്‍ഡിനറി ബസില്‍ 25 യാത്രക്കാരെ മാത്രം അനുവദിച്ചതിനാലായിരുന്നു ഈ വര്‍ധനവ് എന്നായിരുന്നു ന്യായീകരണം.

Leave a Reply

Your email address will not be published. Required fields are marked *