മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് വ്യാഴാഴ്ച വൈകിട്ടോടെയാണ്. അനില്‍ ആന്റണിയുടെ ബിജെപി പ്രവേശത്തെ കോണ്‍ഗ്രസില്‍ പല നേതാക്കളും ശക്തമായ ഭാഷയിലും ചിലര്‍ നിരാശാജനകം എന്നും വിശേഷിപ്പിച്ചിരുന്നു. ഇതിനിടെ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശത്തില്‍ കോണ്‍ഗ്രസിന്റെ നേരെ പരിഹാസവും ഉയരുന്നുണ്ട്. മുതിര്‍ന്ന സിപിഎം എംഎല്‍എയും മുന്‍ വൈദ്യുതി മന്ത്രിയുമായ എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് അത്തരത്തിലൊന്നാണ്.
വൈദ്യുതി അമൂല്യമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് മണി ഫേസ്ബുക്ക് കുറിപ്പിലൂടെ നടത്തുന്നത്. അവസാനത്തെയാള്‍ പോകുമ്പോള്‍ ഓഫീസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്. വൈദ്യുതി അമൂല്യമാണ്. പാഴാക്കരുത് എന്നാണ് കുറിപ്പില്‍ ഒപ്പം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും എന്ന പരിഹാസവും പോസ്റ്റിലുണ്ട്.
ബി.ജെ.പിയുടെ 44ാം സ്ഥാപക ദിനത്തിലാണ് അനിലിന്റെ രംഗ പ്രവേശം. ഇക്കഴിഞ്ഞ ജനുവരിയില്‍ കോണ്‍ഗ്രസിലെ ഔദ്യോഗിക പദവികള്‍ ഒഴിഞ്ഞ അനില്‍ ഇന്ന് പ്രാഥമികാംഗത്വവും രാജിവച്ചു. തുടര്‍ന്ന് ബി.ജെ.പി ദേശീയ ആസ്ഥാനത്ത് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെയും സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും സാന്നിദ്ധ്യത്തിലായിരുന്നു ഇത്. തുടര്‍ന്ന് ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി.ഒരു കുടുംബത്തെ മാത്രം സേവിക്കുന്ന കോണ്‍ഗ്രസില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന്, ഗാന്ധി കുടുംബത്തെ പരോക്ഷമായി ആക്രമിച്ച് അനില്‍ പറഞ്ഞു. മനുസ്മൃതിയിലെ ‘ധര്‍മ്മോ രക്ഷതി രക്ഷിതാഹാ’ (ധര്‍മ്മത്തെ സംരക്ഷിക്കുന്നവനെ അതു രക്ഷിക്കും) എന്ന സംസ്കൃത വാചകം ഉദ്ധരിച്ചായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നതിനെ ന്യായീകരിച്ചുള്ള അനിലിന്റെ ആദ്യ വാചകം.