മകന്റെ ബിജെപി പ്രവേശനത്തെ ചാണക്യ തന്ത്രം കൊണ്ട് നേരിട്ട് എ.കെ ആന്റണി

തിരുവനന്തപുരം: മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ ചാണക്യ വളരെ ബുദ്ധിപൂര്‍വ്വമായി നേരിട്ട് എകെ ആന്റണി. ഇന്നലെ കെപിസിസി ആസ്ഥാനത്ത് വിളിച്ച പത്ര സമ്മേളനത്തിലാണ് ആന്റണി വളരെ കൗശലത്തോടെയും ബുദ്ധിയോടെയും മാധ്യമങ്ങലെയും അതുപോലെ സ്വന്തം പാര്‍ട്ടിക്കാരെയും നേരിട്ടത്.

ഗുവാഹത്തി എഐസിസിയില്‍ ഇന്ദിരാ ഗാന്ധിയെ വിമര്‍ശിച്ചതു മുതലിങ്ങോട്ടു രാഷ്ട്രീയ ജീവിതത്തില്‍ ഓരോ ഘട്ടത്തിലും എ.കെ.ആന്റണിക്കു വാക്കുകളുടെ ശക്തി നന്നായറിയാം. ആ വാക്കുകള്‍ക്ക് അല്‍പം തടസ്സമുള്ളതുപോലെ കേള്‍ക്കുന്നവര്‍ക്കു തോന്നുമെങ്കിലും ജനശ്രദ്ധ തനിക്കു ചുറ്റും കെട്ടിയിടാന്‍ എ.കെ.ആന്റണിയുടെ നാവിന് എന്നും കഴിഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് എവിടെയോ എന്തോ പിശകുണ്ടെന്നും, കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സംഘടിതമായി വിലപേശുന്നുവെന്നും, ചിലര്‍ രാത്രി ആര്‍എസ്എസിന്റെ വേഷമണിയുന്നുവെന്നുമൊക്കെ ഓരോ ഘട്ടത്തിലും ആന്റണി പറഞ്ഞതിനെ ചുറ്റിത്തിരിഞ്ഞിട്ടുണ്ടു കേരള രാഷ്ട്രീയം.
പ്രത്യക്ഷത്തില്‍ വികാരനിര്‍ഭരമെന്നു തോന്നുന്ന പ്രസ്താവനയാണ് ഇന്നലെ എ.കെ.ആന്റണി നടത്തിയത്. അന്ത്യ അത്താഴത്തിന്റെ ഓര്‍മയിലേക്കുള്ള സായാഹ്നത്തില്‍ തന്റെ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ മകനുള്ള അദ്ദേഹത്തിന്റെ മറുപടി തനി രാഷ്ട്രീയമായിരുന്നു.
വ്യക്തിപരമെന്നു തോന്നാവുന്ന വാചകമാകട്ടെ, വേദന നിറഞ്ഞതും ”രാഷ്ട്രീയജീവിതത്തില്‍ മാത്രമല്ല, ജീവിതത്തിലും അവസാന നാളുകളിലൂടെയാണു ഞാന്‍ കടന്നുപോകുന്നത്. വയസ് 82 ആയി. എത്ര നാള്‍ ജീവിക്കും എന്നറിയില്ല.
ദീര്‍ഘായുസ്സില്‍ താല്‍പര്യവുമില്ല. എത്രനാള്‍ ജീവിച്ചാലും മരിക്കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിട്ടായിരിക്കും.
” ആ ഒരു വാചകമുള്‍പ്പെടെ ആന്റണിയുടെ പ്രതികരണത്തിലെ ഓരോ വാക്കിലും അദ്ദേഹത്തിന്റെ അപാരമായ രാഷ്ട്രീയ ബുദ്ധി തെളിഞ്ഞുനിന്നു.
ബിജെപി രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടം തുടരുമെന്നു പറഞ്ഞു തന്റെ നിസ്സഹായവസ്ഥയെ അച്ഛന്‍ മകന്‍ തലത്തില്‍ നിന്നു രാഷ്ട്രീയതലത്തിലേക്ക് അദ്ദേഹം മാറ്റി. അനിലിനെക്കുറിച്ച് ഇനി ചര്‍ച്ചയും ചോദ്യങ്ങളുമില്ലെന്നു പറഞ്ഞു കുഴപ്പം പിടിച്ച ചോദ്യങ്ങളിലേക്കുള്ള വാതിലുകള്‍ എന്നേക്കുമായി അടയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *