തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ സുരക്ഷാ പ്‌ളാന്‍ ചോര്‍ന്നതില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌പെഷ്യല്‍ ആക്ടായ ഒഫിഷ്യല്‍ സീക്രട്ട് ആക്ട് സെക്ഷന്‍ (5) പ്രകാരമാണ് കേസ്. പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണിത്. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന നിഗമനത്തിലാണിത്. കേസെടുത്തെങ്കിലും മൊഴി രേഖപ്പെടുത്താനോ വിവരങ്ങള്‍ ശേഖരിക്കാനോ പൊലീസ് ആരെയും വിളിപ്പിക്കുകയോ സമീപിക്കുകയോ ചെയ്തിട്ടില്ല. പ്രധാനമന്ത്രിക്ക് കടുത്ത സുരക്ഷാ വെല്ലുവിളികളുള്ള സാഹചര്യത്തില്‍ സുരക്ഷാപ്‌ളാന്‍ ചോര്‍ന്നത് കേന്ദ്ര സര്‍ക്കാരും കേന്ദ്രസുരക്ഷാ ഏജന്‍സികളും അതീവ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.
റിപ്പോര്‍ട്ട് ചോര്‍ന്നതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല പൂര്‍ണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കിയിരുന്നു. എസ്.പി.ജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെത്തിയാണ് പ്രധാനമന്ത്രിയുടെ വേദികളില്‍ സുരക്ഷാ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
പൊലീസ് നിര, ജനക്കൂട്ട നിയന്ത്രണം, വാഹന നിയന്ത്രണം തുടങ്ങി കായികാദ്ധ്വാനമുള്ള ജോലികള്‍ മാത്രമാണ് സംസ്ഥാന പൊലീസിനെ ഏല്‍പിച്ചത്. സുരക്ഷാ പ്ലാന്‍ ചോര്‍ച്ചയില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
ഐ.ബിയുടെ കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറോട് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.സ്‌പെഷ്യല്‍ ആക്ട് പ്രകാരം വി.വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് മൂന്നുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.