ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി, സുപ്രീം കോടതി അവധിയ്ക്ക് പിരിയുന്നതിനുമുന്‍പ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നല്‍കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. എന്നാല്‍ ഇടക്കാല ജാമ്യം വേണമെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേന്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി.
സ്ഥിരജാമ്യത്തിനുള്ള അപേക്ഷയും ജൂലായിലായിരിക്കും പരിഗണിക്കുന്നത്. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ നേരത്തെ സുപ്രീം കോടതി ഇ ഡിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ സുപ്രീം കോടതിയില്‍ ഇ ഡി ശക്തമായി എതിര്‍ത്തു.
വടക്കാഞ്ചേരിയില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് വേണ്ടി യു എ ഇയിലെ സന്നദ്ധ സംഘടനയായ യു എ ഇ റെഡ് ക്രസന്റ് നല്‍കിയ പത്തു ലക്ഷം ദിര്‍ഹത്തില്‍ നിന്ന് 4.5 കോടി രൂപ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള ഇടനിലക്കാര്‍ക്ക് നല്‍കിയെന്നും, കമ്മിഷനായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ശിവശങ്കറിനെതിരെയുള്ള ഇ ഡിയുടെ ആരോപണം. സ്വപ്ന സുരേഷിന്റെ പേരിലുള്ള ബാങ്ക് ലോക്കറുകളില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ഈ ഇനത്തില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നും ഇ ഡി വ്യക്തമാക്കുന്നു.
കേസില്‍ മറ്റു പ്രതികളെയാരെയും അറസ്റ്റ് ചെയ്യാതെ തന്നെ മാത്രം അറസ്റ്റ് ചെയ്തത് രാഷ്ട്രീയ സ്റ്റണ്ടാണെന്ന് ശിവശങ്കര്‍ ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സര്‍വീസിലിരിക്കെ തൊഴില്‍പരമായി തനിക്കു മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടായിരുന്നുവെന്നത് ലക്ഷ്യമാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് ഇ ഡി നടത്തുന്നതെന്നും ശിവശങ്കര്‍ വാദിച്ചിരുന്നു. ഫെബ്രുവരി 14നാണ് ശിവശങ്കര്‍ ഈ കേസില്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഒമ്പതു ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇ ഡിയുടെ വാദം.