സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരിയെ സമര ഗേറ്റില്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തകരും ജീവനക്കാരിയുമായി പത്തു മിനിറ്റോളം വാക്കേറ്റമുണ്ടായി. കയ്യേറ്റത്തിനു ശ്രമം ഉണ്ടായപ്പോള്‍ പൊലീസ് ഇടപെട്ട് ബാരിക്കേഡ് നീക്കി ജീവനക്കാരിക്കു പോകാന്‍ വഴിയൊരുക്കി. സമര ഗേറ്റിനു സമീപത്തെ റോഡ് വഴി കന്റോണ്‍മെന്റ് ഗേറ്റിലേക്കു പോകാനെത്തിയ പിആര്‍ഡി വെബ് ആന്‍ഡ് ന്യൂ മീഡിയ സെക്ഷനിലെ ഡിജിറ്റല്‍ ജേണലിസ്റ്റ് ധന്യ ലാലിനെയാണ് സമരക്കാര്‍ തടഞ്ഞത്.
പട്ടത്തു താമസിക്കുന്ന ധന്യ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ സ്‌പെന്‍സര്‍ ജംക്ഷനില്‍ ഇറങ്ങി നടന്ന് കന്റോണ്‍മെന്റ് ഗേറ്റിലേക്കു പോകാന്‍ എത്തിയപ്പോഴാണ് സംഭവം. ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റിനുള്ളിലേക്കു കന്റോണ്‍മെന്റ് ഗേറ്റ് വഴി പ്രവേശനം അനുവദിച്ചിരുന്നു. രാവിലെ 9.43 ന് ധന്യ എത്തുമ്പോള്‍ സമര ഗേറ്റിനു സമീപം കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള വഴി പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞിരുന്നു. ഒരാള്‍ക്കു കഷ്ടിച്ചു പോകാന്‍ കഴിയുന്ന തരത്തില്‍ വഴിയൊരുക്കിയ ശേഷമാണ് ബാരിക്കേഡ് നിരത്തിയത്.
പൊലീസിനോട് ചോദിച്ചപ്പോള്‍ കടന്നു പോകാന്‍ അനുവാദം നല്‍കി. എന്നാല്‍ ഉടന്‍ രണ്ടു പ്രവര്‍ത്തകര്‍ ഓടിയെത്തി തന്നെ തടഞ്ഞതായി ധന്യ പറഞ്ഞു. ‘ഇന്നിനി ജോലിക്കു പോകേണ്ട, തിരിച്ച് വീട്ടില്‍ പൊയ്‌ക്കോളൂ’ എന്ന് ആക്രോശിച്ചായിരുന്നു വഴിതടയല്‍. ധന്യ ഇതിനെ ശക്തമായി പ്രതിരോധിച്ചെങ്കിലും കൂടുതല്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടി. അവര്‍ കൂക്കിവിളിച്ചു, മുദ്രാവാക്യം മുഴക്കി. കയ്യേറ്റത്തിനു ശ്രമിക്കുകയാണെന്ന സംശയമുണ്ടായപ്പോഴാണ് പൊലീസ് രക്ഷയ്‌ക്കെത്തിയത്. പ്രവര്‍ത്തകരെ അനുനയിപ്പിച്ച ശേഷം കന്റോണ്‍മെന്റ് ഗേറ്റിലേക്കു പോകാന്‍ ധന്യയ്ക്ക് പൊലീസ് വഴിയൊരുക്കി. രാത്രി ഏഴര വരെ ജോലി ചെയ്ത ശേഷമാണ് ധന്യ മടങ്ങിയത്.