കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍സ് തടഞ്ഞ് കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന്. അണ്ടര്‍ 17 സെലക്ഷന് ട്രയല്‍ നടക്കുന്ന പനമ്പള്ളി നഗറിലെ സ്കൂളിന്റെ ഗേറ്റാണ് എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ എം എല്‍ എ അടച്ചുപൂട്ടിയത്.
നൂറിലധികം കുട്ടികള്‍ പുലര്‍ച്ചെമുതല്‍ കാത്തുനില്ക്കുകയായിരുന്നു. പ്രതിഷേധവുമായി രക്ഷിതാക്കളടക്കമുള്ളവര്‍ എത്തിയതോടെ കായികമന്ത്രി വി അബ്ദുറഹിമാന് ഇടപെട്ട് ഗേറ്റ് തുറന്നുകൊടുത്തു. ട്രയല്‍സ് നടത്തുന്നത് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടില്ലെന്നും സ്പോര്‍ട്സ് കൗണ്‍സിലിന് വാടക നല്‍കിയിട്ടില്ലെന്നുമാണ് എം എല്‍ എ നല്കുന്ന വിശദീകരണം.
‘കുറേ കുട്ടികള്‍ വന്ന് ഗേറ്റിന് മുന്നില്‍ നില്ക്കുന്ന വിവരം സെക്യൂരിറ്റിയാണ് അറിയിച്ചത്. ബ്ലാസ്റ്റേഴ്സോ അതിന്റെ ആളുകളോ ഒരു കത്ത് പോലും തന്നിട്ടില്ല. നിരവധി കുട്ടികള്‍ അവിടെ പ്രാക്ടീസിന് വരാറുണ്ട്.
ഉണ്ടായ ആശയക്കുഴപ്പമെന്ന് പറയുന്നത് ഇത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്റ്റേഡിയമായതുകൊണ്ട് മുന്‍കൂര്‍ അനുമതിയുള്ള പരിപാടികള്‍ക്ക് മാത്രമാണ് തുറന്നുകൊടുക്കാറ്. പിന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് കഴിഞ്ഞ എട്ടുമാസമായി ഇതിന്റെ വാടക തന്നിട്ടില്ല. എട്ട് ലക്ഷം രൂപയുടെയടുത്ത് വാടക കുടിശ്ശികയുണ്ട്. പല തവണ സംസാരിക്കുകയൊക്കെ ചെയ്തപ്പോള്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്തത് എം എല്‍ എ വ്യക്തമാക്കി.