നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കള്‍ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നല്‍കേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്. ഫോം നല്‍കാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നല്‍കി.
എന്നാല്‍, 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനം ധൃതി കാട്ടേണ്ടതില്ലെന്നും നാലു മാസത്തെ സാവകാശമുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നോട്ട് മാറ്റിയെടുക്കല്‍ ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണിത്. നോട്ട് പിന്‍വലിക്കല്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല.
2016ല്‍ നിറുത്തലാക്കിയ 1000 രൂപ നോട്ടുകള്‍ തിരിച്ചു കൊണ്ടുവരാന്‍ ആലോചനയില്ല. നോട്ട് മാറ്റാനെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും, ചൂടു കൂടുതലായതിനാല്‍ ക്യൂവില്‍ നിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദേശങ്ങളിലും മറ്റുമുള്ളവര്‍ക്ക് സെപ്തംബര്‍ 30നുള്ളില്‍ 2000 നോട്ട് മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമയ പരിധി നീട്ടുന്നതിനെക്കുറിച്ച് അപ്പോള്‍ ആലോചിക്കും. അച്ചടിച്ച ആവശ്യത്തിലധികം നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ പക്കലുണ്ട്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ പണത്തിന്റെ മൂല്യം വേഗത്തില്‍ പുനഃസ്ഥാപിക്കാനാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്