കാലാവധി കഴിയുന്ന എം.ജി സര്‍വകലാശാല വി.സി പ്രൊഫ.സാബു തോമസിന് 4 വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി. പകരം പുതിയ വി.സി വരുംവരെ താത്കാലികമായി തുടരാന്‍ അനുവദിക്കാമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. ഇക്കാര്യം നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വാഴ്സിറ്റിയില്‍ ദേശീയ അക്രഡിറ്റേഷന് കൗണ്‍സിലിന്റെ പരിശോധന അടുത്തമാസം നടക്കുന്നതിനാല്‍ വി.സി ഇല്ലാതിരിക്കുന്നത് ദോഷം ചെയ്യുമെന്നതുകൊണ്ടാണിത്.
പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി ആര്.ബിന്ദുവിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചു. വി.സിയുടെ താത്കാലിക ചുമതല സാബു തോമസിന് കൈമാറാനുള്ള ഉത്തരവാദിത്വം പ്രോചാന്‍സലര്‍ക്ക് നല്‍കാനും നിര്‍ദ്ദേശിച്ചു. വി.സിയുടെ പുനര്‍നിയമനമാകാമെന്ന് എം.ജി വാഴ്സിറ്റി നിയമത്തിലുണ്ടെന്നും നിയമന സമയത്ത് 65വയസ് കവിയരുതെന്നേയുള്ളൂവെന്നും ശുപാര്‍ശയില്‍ മന്ത്രി അറിയിച്ചിരുന്നു.
61കാരനാണ് സാബുതോമസ്. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതിനെതിരായ കേസ് സുപ്രീംകോടതിയിലും നിയമനത്തില്‍ ക്രമക്കേടുള്ള വി.സിമാരെ പിരിച്ചുവിടാനുള്ള നോട്ടീസിനെതിരായ റിട്ട് അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാലും പുനര്‍നിയമനം നല്കാനാവില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
അതേസമയം,പുനര്‍നിയമനം നല്കിയില്ലെങ്കിലും സാബുതോമസിന് അടുത്ത വി.സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ അപേക്ഷിച്ച് നിയമനം നേടാനാകും. സാബുതോമസ് മലയാളം വാഴ്സിറ്റി വി.സിയുടെ താത്കാലിക ചുമതലയും വഹിക്കുന്നുണ്ട്. ഇത് മറ്റാര്‍ക്കെങ്കിലും കൈമാറാനുള്ള ശുപാര്‍ശയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കേണ്ടതുണ്ട്.