പൊലീസ് അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനെ മാറ്റിയതില്‍ മാത്രം ഒതുക്കി വിവാദം അവസാനിപ്പിക്കുകയായിരുന്നു സിപിഎം.
കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്‌ഐ നേതാവിനെ പിന്‍വാതിലിലൂടെ കൗണ്‍സിലറാക്കിയ അസാധാരണ സംഭവമാണ് കാട്ടാക്കടയില്‍ നടന്നത്. കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്ത് ചര്‍ച്ചയായ മറ്റൊരു അസാധാരണ സംഭവമായിരുന്നു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ വിവാദ കത്ത്.
നഗരസഭയിലെ ആരോഗ്യവകുപ്പിലെ ഒഴിവിലേക്കുള്ള നിയമനത്തിന് പാര്‍ട്ടിയുടെ പട്ടിക നല്‍കാന്‍ മേയറുടെ ലെറ്റര്‍പാഡില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായത്. മേയറുടെ കത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ നിയമനം ആവശ്യപ്പെട്ടുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഡിആര്‍ അനിലിന്റെ കത്തും പുറത്തുവന്നു. കത്ത് വ്യാജമാണെന്ന നിലപാടെടുത്തായിരുന്നു മേയറും ജില്ലാ സെക്രട്ടറിയും ആരോപണങ്ങളെ നേരിട്ടത്.
വിവാദം ശക്തമായിരിക്കെ പാര്‍ട്ടി അന്വേഷണം തീരുമാനിച്ചു. പക്ഷെ ആര് അന്വേഷിക്കുമെന്ന് മാത്രം പുറത്ത് പറഞ്ഞില്ല. ക്രൈം ബ്രാഞ്ച് അന്വേഷണവും വിജിലന്‍സ് അന്വേഷണവും തുടങ്ങി. ഇതിനിടെ യഥാര്‍ത്ഥ കത്ത് നശിപ്പിക്കപ്പെട്ടുവെന്നാണ് വിവരം. കമ്പ്യൂട്ടറിന്റെയും ഫോണുകളുടെയും ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് വന്നിട്ടില്ലെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് അന്വേഷണം ഇപ്പോഴും എങ്ങുമെത്താതെ ഇഴയയുന്നു.
നിയമനം നടക്കാത്തതിനാല്‍ അഴിമതി അന്വേഷണമില്ലെന്ന നിലപാടെടുത്ത് വിജിലന്‍സ് എല്ലാം കെട്ടിപ്പൂട്ടി. സിപിഎം ആകട്ടെ കത്ത് പുറത്തായതില്‍ സംശയിച്ച് ഡിആര്‍ അനിലിനെ സ്റ്റാന്‍ിഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റി. പീന്നീട് ഒന്നുമുണ്ടായില്ല.
സിപിഎം നടപടിക്ക് പിന്നാലെ പ്രതിപക്ഷ സമരങ്ങളും കെട്ടടങ്ങി. ആള്‍മാറാട്ടക്കേസില്‍ ഇപ്പോള്‍ സമാന രീതിയില്‍ പൊലീസ് അന്വേഷണവും സമാന്തരമായി പാര്‍ട്ടി അന്വേഷണവും നടക്കുന്നു. ഒരു എസ്എഫ്‌ഐ നേതാവും പ്രിന്‍സിപ്പലും മാത്രം വിചാരിച്ചാല്‍ നടക്കുന്ന തട്ടിപ്പല്ല ഉണ്ടായത്. പക്ഷെ എംഎല്‍എമാരടക്കം സംശയത്തിലായ സംഭവത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകാതെ എല്ലാം അവസാനിപ്പിക്കുമെന്ന സൂചനകള്‍ ശക്തമാണ്