മുഖ്യമന്ത്രി പദവിക്കു പിന്നാലെ കര്‍ണാടകയില്‍ മന്ത്രി സ്ഥാനങ്ങള്‍ക്കു വേണ്ടിയും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ വിഭാഗങ്ങള്‍ അവകാശവാദം തുടരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ഇരുവരും തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്.
ഇവര്‍ നിര്‍ദേശിച്ചവര്‍ക്കു പുറമേ 8 പേരുകളെങ്കിലും കേന്ദ്ര നേതൃത്വവും മുന്നോട്ടുവച്ചിട്ടുണ്ട്. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. വകുപ്പുകളുടെ കാര്യത്തിലും ധാരണയാകേണ്ടതുണ്ട്. ആഭ്യന്തരം, ജലസേചനം, ഊര്‍ജം എന്നിവ ശിവകുമാര്‍ ആവശ്യപ്പെട്ടതായാണു സൂചന. ബി.കെ.ഹരിപ്രസാദ്, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മലയാളിയായ എന്‍.എ.ഹാരിസ് എന്നിവരെ മന്ത്രിമാരാക്കണമെന്നും ആവശ്യപ്പെട്ടു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാക്കളെ സംഘടനയുടെ ചുമതലയേല്‍പ്പിച്ച്, പുതുമുഖങ്ങള്‍ക്കു കൂടി അവസരം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. മുന്‍പ് കൈകാര്യം ചെയ്ത ധനകാര്യം സിദ്ധരാമയ്യ കൈവശം വയ്ക്കാനാണു സാധ്യത. ഇരുവര്‍ക്കും പുറമേ 8 മന്ത്രിമാരാണു കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. 20 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്താനാണു നീക്കം. പരമാവധി 34 മന്ത്രിമാരാകാം