ഏറ്റവും വില കല്‍പ്പിച്ചിരുന്ന ഇന്ത്യന്‍ ഭരണഘടനയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്തയെന്ന് തിരിച്ചറിയാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. രാജഭരണത്തിന്റെ തിരുശേഷിപ്പായ ചെങ്കോല്‍ ആണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണഘടന. ഭരണഘടനയുടെ മഹത്വം ബിജെപി നേതാക്കള്‍ക്ക് മനസിലാകില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പാര്‍ലിമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് കേന്ദ്രം ഭരിക്കുന്നവര്‍. പാര്‍ലമെന്റിന്റ ഉദ്ഘാടനം വിവാദമായപ്പോള്‍ ആ വിവാദത്തിലേക്ക് ശ്രദ്ധ തിരിച്ചു ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ബിജെപിയുടെ ശ്രമം. ജനാധിപത്യത്തിന്റെ ഉദ്ഘോഷമല്ല, അല്‍പ്പത്തരത്തിന്റെ ഉദാഹരണമാണ് മോദി കാണിക്കുന്നത്. ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് തനിക്ക് അനുകൂലമാക്കി മാറ്റുന്നതിന്റെ ഉദാഹരണമാണ് മോദി ചെയ്യുന്നതെന്നും കെ സി വേണുഗോപാല്‍ എംപി അഭിപ്രായപ്പെട്ടു.
പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 95-ാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സി വേണുഗോപാല്‍. കെ സുധാകരന്‍ എംപി മുഖ്യ പ്രഭാഷണം നടത്തി. അഴിമതിയുടെ കാര്യത്തില്‍ സഹോദരന്‍മാരെ പോലെയാണ് പിണറായിയും നരേന്ദ്ര മോദിയുമെന്ന് കെ സുധാകരന്‍ എംപി അഭിപ്രായപ്പെട്ടു. പത്മശ്രീ പുരസ്‌കാര ജേതാവ് അപ്പുകുട്ട പൊതുവാളിനെയും പി എം ദാമോദരന്‍ അടിയോടിയെയും കെപിസിസി പ്രസിഡന്റ് സമ്മേളനത്തില്‍ ആദരിച്ചു.