തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല െവെസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി.
കണ്ണൂര്‍ വി.സിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തിട്ടാണെന്നും ഇതു സത്യപ്രതിജ്ഞാ ലംഘനമാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. വി.സി. നിയമനത്തിനായി മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് ജ്യോതികുമാര്‍ ഹര്‍ജി നല്‍കിയത്. കണ്ണൂര്‍ ജില്ലക്കാരനായതിനാല്‍ ഗോപിനാഥ് രവീന്ദ്രന് നിയമനം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് ഗവര്‍ണര്‍ പറഞ്ഞത്.
മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണം അല്ലാതെ അത് തെളിയിക്കുന്ന ഒരു രേഖ പോലും ഹര്‍ജിക്കാരന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയിലെ ആക്ഷേപങ്ങള്‍ അഴിമതി നിരോധന വകുപ്പ് അനുസരിച്ച് പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യമന്ത്രിക്ക് പണം നല്‍കിയതായോ മുഖ്യമന്ത്രി പണം വാങ്ങിയതായോ പരാതിയില്‍ ഇല്ലെന്നും കോടതി വാദത്തിനിടെ പറഞ്ഞു.
കണ്ണൂര്‍ വി.സി. നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് വാദത്തിനിടെ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. വി.സി. നിയമനത്തിന് സ്വതന്ത്ര ചുമതലയില്ലാത്ത ഗവര്‍ണറെ എന്തിനു സ്വാധീനിക്കണമെന്ന് പ്രോസിക്യൂഷന്‍ ആരാഞ്ഞു. മുഖ്യമന്ത്രി ഒരു തരത്തിലുമുള്ള സാമ്പത്തിക നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വി.സി. നിയമനത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. വി.സി. നിയമനം െഹെക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ശരിവച്ചതിനാല്‍ ഹര്‍ജി തള്ളിക്കളയണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.